പത്തനംതിട്ട
നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകാൻ നിർമിക്കുന്ന അബാൻ മേൽപ്പാലത്തിന്റെ രണ്ടാമത്തെ സ്‌പാനിന്റെ നിർമാണം പൂർത്തിയായി. പാലത്തിന്റെ ആദ്യ സ്‌പാനിന്റെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. ശ്രീവത്സം ഭാഗത്ത് നിന്നുള്ള രണ്ട് സ്‌പാനാണ് നിലവിൽ പൂർത്തിയായത്.
ആകെ 20 സ്‌പാനാണ് പാലത്തിനുള്ളത്. മൂന്നാമത്തെ സ്‌പാനിന്റെ നിർമാണം ഉടൻ ആരംഭിക്കും. മൂന്ന് സ്‌പാൻ ഒന്നിച്ച് പണിയാനുള്ള സാമഗ്രികൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയായവയുടെ ഉള്ളിലെ ഉരുക്ക് കേബിൾ "സ്‌ട്രെസ്' ചെയ്‌തതിന് ശേഷം ഇതിന്റെ ഷട്ടറും മറ്റു പൊളിച്ച് അടുത്ത സ്‌പാൻ നിർമിക്കും. ഇത്തരത്തിൽ ഒരേ സമയം മൂന്നെണ്ണം എന്ന നിലയിലാകും ഇനി നിർമാണം മുന്നോട്ട് പോകുക.
ആദ്യത്തെ സ്‌പാനിൽ നിന്ന് പൊളിക്കുന്ന ഷട്ടർ ഉപയോഗിച്ച് നാലാമത്തേതിന്റെയും നിർമാണം ആരംഭിക്കും. 25 ദിവസം സമയം എടുക്കും ഒരു സ്‌പാൻ പൂർണമായി തീരാൻ. മുകളിലേയ്‌ക്ക് എത്തും തോറും എടുക്കുന്ന ദിവസം കുറയും.
"സ്‌ട്രെസിങ്' പൂർത്തിയാകുന്നതോടെ തൂണുകളുടെ ഉയരം കൂട്ടുന്ന ജോലിയും പൂർത്തിയാകും. നിലവിൽ തൂണുകളുടെ ഉയരം കൂട്ടുന്ന ജോലി നടക്കുന്നു. ബാക്കി ഭാഗങ്ങളിൽ കമ്പി കെട്ടുന്നതും മുത്തൂറ്റ് ഭാഗത്ത് സംരക്ഷണ ഭിത്തിയുടെ നിർമാണവും തുടങ്ങി. സർവീസ് റോഡിന് സഥലം ഏറ്റെടുക്കുന്ന ജോലിയും പുരോഗമിക്കുന്നു. ഏറ്റെടുക്കേണ്ട സ്ഥലങ്ങളിൽ കല്ലിട്ട് തഹസിൽദാർക്ക് റിപ്പോർട്ട് നൽകി.
സർവീസ് റോഡിന് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ കൂടി ആവശ്യമായിരുന്നു. ഇവരിൽ ചിലർ സ്ഥലം വിട്ട് നൽകാൻ തയ്യാറാകാതിരുന്നതോടെയാണ് സ്ഥലമേറ്റെടുപ്പ് വൈകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..