പത്തനംതിട്ട
ജില്ലാ ആസ്ഥാനത്ത് ആധുനിക സ്റ്റേഡിയത്തിനുള്ള മുഴുവൻ സാങ്കേതികാനുമതിയും അടുത്താഴ്ചയോടെ ലഭിക്കും. സ്റ്റേഡിയത്തിന് നവംബർ ആദ്യം മുഖ്യമന്ത്രി കല്ലിടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 2025 മാർച്ചോടെ പണി പൂർത്തിയാക്കി സ്റ്റേഡിയം തുറക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനം കൂടി ഇതോടെ പ്രാവർത്തികമാകുന്നു.
മഴക്കെടുതി നേരിടാനും വെള്ളക്കെട്ട് തടയാനും സ്റ്റേഡിയം രൂപരേഖയിൽ മാറ്റം വരുത്തും. ഇത് സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധസംഘം തിങ്കളാഴ്ച കായിക വകുപ്പിന് ഭാഗിക റിപ്പോർട്ട് കൈമാറി. അടുത്തയാഴ്ചയോടെ പൂർണ റിപ്പോർട്ടും കൈമാറും. തുടർന്ന് ടെൻഡർ നടപടികളിലേക്ക് കടക്കും.
കിഫ്ബിയുടെ സഹായത്തോടെ 50 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. ഡിസൈനിൽ കിഫ്ബി നിർദേശിച്ച ഭേദഗതി സ്പോർട്സ് ഫൗണ്ടേഷൻ വരുത്തി. പത്തനംതിട്ട നഗരസഭയുടെ നിയന്ത്രണത്തിലായിരുന്ന സ്റ്റേഡിയം നവീകരണത്തിന് നഗരസഭ ഭരണ തലപ്പത്ത് എൽഡിഎഫ് സമിതി എത്തിയ ശേഷമാണ് വേഗത കൈവരിച്ചത്.
യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് നവീകരണം മുടങ്ങിയിരിക്കുകയായിരുന്നു. സ്റ്റേഡിയത്തിന് രാജ്യാന്തര വോളിബോൾ കളിക്കാരൻ ബ്ലെസ്സൻ ജോർജിന്റെ പേരിടുന്നതുപോലും യുഡിഎഫ് എതിർത്തു. സ്ഥലം എംഎൽഎ കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജ് മുൻകൈയെടുത്താണ് സാങ്കേതിക പ്രതിസന്ധികൾ തരണം ചെയ്ത് പുതിയ സ്റ്റേഡിയം നിർമാണ ഘട്ടത്തിലേക്ക് കടക്കുന്നത്.
മഴക്കാലത്ത് ഇവിടെ വെള്ളം കയറുന്നത് പതിവാണ്. പുതിയ സ്റ്റേഡിയത്തിൽ ഇത്തരം പ്രതിബന്ധങ്ങൾ മറികടക്കുന്ന സംവിധാനം ഒരുക്കും. സ്റ്റേഡിയത്തിന്റെ രൂപരേഖ നേരത്തെ തയ്യാറായെങ്കിലും മഴക്കാലത്തെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ സംഘത്തെ നിയോഗിച്ചിരുന്നു. സംഘം നിർദേശിച്ച മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തിയാകും സ്റ്റേഡിയം നിർമിക്കുക. ഭാവിയിലെ പ്രളയസാധ്യതയും മറികടക്കാൻ ഉതകുന്ന വിധമാകും നിർമാണം.
കിഫ്ബിയുടെ അനുമതി ഏപ്രിലിൽ ലഭിച്ചിരുന്നു. എട്ട് ലെയ്ൻ 400 മീറ്ററിൽ ആറ് ലെയ്ൻ സിന്തറ്റിക് ട്രാക്കാണ് സജ്ജീകരിക്കുക. ഫുട്ബോൾ ഗ്രൗണ്ട്, നീന്തൽക്കുളം, ഗ്യാലറി, പവലിയൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ കെട്ടിടം, പാർക്കിങ്, ഡ്രെയിനേജ് സംവിധാനമെല്ലാം സജ്ജീകരിക്കും. ആധുനിക രീതിയിലുള്ള അഗ്നി രക്ഷാ സംവിധാനവും ഏർപ്പെടുത്തും. സ്പോർട്ട്സ് കേരള ഫൗണ്ടേഷനാണ് നിർമാണ മേൽനോട്ട ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..