ഇരവിപേരൂർ
കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ച ഇരവിപേരൂർ സ്വദേശികളായ ദമ്പതികൾക്ക് നാട് വിടയേകി. തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ വീട്ടിൽ ജേക്കബ് എബ്രഹാമിന്റെയും (60) ഭാര്യ ഷീല ജേക്കബിന്റെയും (55) സംസ്‌കാരം തിങ്കളാഴ്‌ച നടന്നു.
രാവിലെ ഒമ്പതോടെ മൃതദേഹങ്ങൾ ഇരവിപേരൂർ കുറ്റിയിൽ വീട്ടിൽ എത്തിച്ചു. ബന്ധുക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ദമ്പതികൾക്ക് വിടയേകി. 12.30ന് വീട്ടിലെ ശുശ്രൂഷകൾ അവസാനിക്കുമ്പോഴും വീട്ടിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തുടർന്നു.
തുടർന്ന് മൃതദേഹങ്ങൾ രണ്ട് ആംബുലൻസുകളിലായി ഇരവിപേരൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിലേക്ക് കൊണ്ടുപോയി. ആരോഗ്യമന്ത്രി വീണാ ജോർജ് പള്ളിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. പള്ളിയിലെ ശുശ്രൂഷയ്‌ക്ക് ശേഷം പകൽ മൂന്നോടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു.
കോയമ്പത്തൂർ എൽആൻഡ്ടി ബൈപ്പാസിൽ കാറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് ജേക്കബ് എബ്രഹാം, ഭാര്യ ഷീല ജേക്കബ്, ചെറുമകൻ ആരോൺ എന്നിവർ മരിച്ചത്.
രണ്ടുമാസം മാത്രം പ്രായമുള്ള ആരോണിന്റെ സംസ്‌കാരം ചൊവ്വ പകൽ രണ്ടിന് അച്ഛൻ തോമസ് കുര്യാക്കോസിന്റെ പുനലൂരിലെ സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ നടക്കും. അപകടത്തിൽ പരിക്കേറ്റ അലീന ഇപ്പോഴും കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അലീനയുടെ പരീക്ഷയ്ക്കു വേണ്ടിയാണ് ബംഗളൂരുവിലേക്ക് കുടുംബം കാറിൽ പോയത്. വ്യാഴം പകൽ 11.30ന് മധുക്കരയിൽ ആയിരുന്നു അപകടം. കുടുംബം സഞ്ചരിച്ച കാർ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കൊറിയർ വാനുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..