22 December Sunday
കാറ്റ്‌, മഴ

ദുരിതമൊഴിയാതെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

മുടിയൂർക്കോണം മലമേൽ ഗോപിനാഥൻ പിള്ളയുടെ വീടിന് മുകളിൽ മരം വീണപ്പോൾ

 പത്തനംതിട്ട

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം നാലായി. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലാണ്‌ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്‌. 34 കുടുംബങ്ങളിൽ നിന്നായി 102 പേരാണ്‌ ക്യാമ്പിലുള്ളത്‌. മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം വില്ലേജിൽ വെണ്ണിക്കുളം സെന്റ്‌ ബെഹനാൻസ്‌ എച്ച്‌എസ്‌എസ്സിലാണ്‌ ക്യാമ്പ്‌. ഒരു കുടുംബത്തിലെ നാല്‌ പേരാണ്‌ ക്യാമ്പിലുള്ളത്‌.
മഴക്കെടുതിയിൽ ജില്ലയിൽ ഒരു മരണം. കിഴക്കുപുറത്ത്  മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതിനൊപ്പം വീണു കിടന്ന മരകഷ്‌ണത്തിൽ തട്ടി വീണ ബൈക്ക് യാത്രികൻ മരിച്ചു. കിഴക്കുപുറം  മഠത്തിലേത്ത്‌ വീട്ടിൽ എം കെ ബിനു  (53) ആണ് മരിച്ചത്. 
തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ തിരുമൂലപുരം സെന്റ്‌ തോമസ്‌ എച്ച്‌എസ്‌, തോട്ടപ്പുഴശേരി വില്ലേജിൽ നെടുംപ്രയാർ എംടി എൽപിഎസ്‌, ഇരവിപേരൂർ വില്ലേജിൽ നന്നൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ്‌ ക്യാമ്പ്‌. തിരുമൂലപുരം സെന്റ്‌ തോമസ്‌ എച്ച്‌എസിലെ ക്യാമ്പിൽ 22 കുടുംബങ്ങളിലെ 76 പേരാണുള്ളത്‌. നെടുംപ്രയാർ എംടി എൽപിഎസ്സിൽ ഒമ്പത്‌ കുടുംബങ്ങളിൽനിന്ന്‌ 18 പേരും നന്നൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ രണ്ട്‌ കുടുംബങ്ങളിൽനിന്ന്‌ നാല്‌ പേരുമാണുള്ളത്‌.
റാന്നി
വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് വൈദ്യുത പോസ്റ്റുകളും ലൈനുകളും ആണ് തകർന്നത്.  ഇവയെല്ലാം പൂർവസ്ഥിതിയിൽ ആക്കണമെങ്കിൽ നാല്‌ ദിവസമെങ്കിലും വേണ്ടിവരും.  ഇതിനുള്ള കഠിനശ്രമമാണ് വൈദ്യുത വകുപ്പ് ജീവനക്കാർ ചെയ്യുന്നത്. ലൈനുകളിലേക്ക്‌ വീണു കിടക്കുന്ന മരങ്ങളും മറ്റും വെട്ടി മാറ്റിയിട്ട് വേണം പുതിയ പോസ്റ്റിട്ട് ലൈൻ വലിക്കാൻ. 
     തിങ്കളാഴ്ച ഉച്ചയോടെയാണ് മഴയോടൊപ്പം ശക്തമായ കാറ്റും വീശി അടിച്ചത്. മരങ്ങൾ കടപുഴകി നിരവധി വീടുകൾക്കാണ് കേടുപാടുകൾ ഉണ്ടായത്.  തേക്ക്, പ്ലാവ്, ആഞ്ഞിലി, റബർ, തെങ്ങ്  ഉൾപ്പെടെയുള്ള നിരവധി വൃക്ഷങ്ങളും കടപുഴകി വീണു. കർഷകർക്കും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. റാന്നിയിൽ തന്നെ ആയിരക്കണക്കിന് വാഴകളാണ് കാറ്റത്ത് നശിച്ചത്. കപ്പ, ചേന ഉൾപ്പെടെയുള്ള വിളകളും നശിച്ചിട്ടുണ്ട്. വയലുകളിൽ കൃഷി ചെയ്ത കർഷകർ ആണ്‌ ഏറ്റവും പ്രതിസന്ധിയിലായത്. പാതി വിളവെത്തിയ കപ്പയും ചേനയും ദിവസങ്ങളോളം വെള്ളത്തിൽ കിടന്നതിനാൽ അഴുകി പോകും. വാഴ കൃഷിക്കും ഇതേ അവസ്ഥയാണ്.
പന്തളം
മൂന്ന്‌ ദിവസമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും പന്തളം, കുളനട പ്രദേശങ്ങളിൽ വ്യാപക നാശമുണ്ടായി. മരങ്ങൾ ഒടിഞ്ഞും പിഴുതും വീണ്‌ വീടുകളുടെ മേൽക്കൂര തകർന്നിട്ടുണ്ട്. 15ലധികം വൈദ്യുതി തൂണുകൾ ഒടിഞ്ഞു. പല  ഭാഗത്തും ഗതാഗത തടസ്സവും വൈദ്യുതി തടസ്സവുമുണ്ടായിട്ടുണ്ട്. മങ്ങാരം, മുട്ടാർ ഭാഗത്താണ് കൂടുതൽ നാശനഷ്ടം .
മുടിയൂർക്കോണം മലമേൽ ഗോപിനാഥൻ പിള്ള, നിർമാല്യത്തിൽ ഗോപാലകൃഷ്ണപിള്ള, മഠത്തിൽ പടിഞ്ഞാറ്റേതിൽ സുരേഷ് കുമാർ, പാണുവേലിൽ മുരളി, മലമേൽ ശ്രീരാജ്, മുടിയൂർക്കോണം കരിപ്പോലിൽ ഷിബു, ദൈവത്തും വീട്ടിൽ യശോധരൻ, മഠത്തിൽ പടിഞ്ഞാറ്റേതിൽ സുരേഷ് കുമാർ, ചെളിത്തടത്തിൽ ലക്ഷ്മിക്കുട്ടിയമ്മ, കാവിൽ ശ്രീഭവനത്തിൽ ശിവപ്രസാദ്, മങ്ങാരം ഇടത്തറയിൽ മുജീബുദ്ദീൻ, തുമ്പമൺ നോർത്ത് സുഭാഷ് കോശി എന്നിവരുടെ വീടിനു മുകളിലേക്കാണ് മരങ്ങൾ ഒടിഞ്ഞുവീണത്.
ഏത്ത വാഴ കൃഷിയുൾപ്പെടെ പല കൃഷികൾക്കും നാശമുണ്ടായി. നഗരസഭാ കൗൺസിലർമാരും വില്ലേജ്‌ ഓഫീസറും സ്ഥലം സന്ദർശിച്ച് വേണ്ട നടപടി സ്വീകരിച്ചു. പന്തളം മുടിയൂർക്കോണം അശ്വതിയിൽ സോമരാജന്റെ തൊഴുത്ത് മരം വീണ് തകർന്നു. 
മങ്ങാരം ഇടശ്ശേരിയിൽ തോമസ് കുഞ്ഞുകുട്ടി, സാമുവൽ കുട്ടി, തുമ്പമൺ താഴം കാരാം ചേരിൽ  കെ ജി രത്നമ്മ, തോന്നല്ലൂർ കൃഷ്ണ ചൈതന്യയിൽ രാധാകൃഷ്ണൻ എന്നിവരുടെ വീടിനുമുകളിലും മരം വീണു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top