കോഴഞ്ചേരി
വസ്തുവിദ്യാ ഗുരുകുലത്തിന് പുതിയ ആസ്ഥാന മന്ദിരം പണിയാനുള്ള നടപടി സ്വീകരിച്ചതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആറന്മുള വാസ്‌തുവിദ്യാ ഗുരുകുലത്തിൽ ആരംഭിച്ച ഗ്രാമീണ കലാകേന്ദ്രത്തിന്റെ പൊതു സൗകര്യ വിപണന കേന്ദ്രം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ കാലതാമസമില്ലാതെ നടക്കും. അതിന് നിലവിലുള്ള ഭൂമി ക്രമപ്പെടുത്തി എടുക്കുന്ന നടപടിയും ഉടൻ പൂർത്തിയാക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. വാസ്തുവിദ്യയുടെ തലസ്ഥാനമായി ആറന്മുളയെ മാറ്റുകയെന്ന ലക്ഷ്യത്തിലാണ് സർക്കാർ ഇതിനെ കാണുന്നത്. ഗുരുകുലത്തെ പിഎംസി മാതൃകയിൽ വാസ്തുശില്പ കമ്പനിയായി മാറ്റുകയാണ് സർക്കാർ ലക്ഷ്യം. ഇതിലൂടെ കേരളത്തിലെ പ്രധാനപ്പെട്ട നിർമ്മിതികൾ ഏറ്റെടുക്കാൻ വാസ്തുവിദ്യാ ഗുരുകുലത്തിന് കഴിയും.
ക്ഷേത്ര നഗരിയായ ആറന്മുള ഐക്കര മുക്കിനെയും പരിസരത്തെയും ആളുകളെ ആകർഷിക്കുന്ന തരത്തിൽ ചുവർ ചിത്രങ്ങളാൽ മനോഹരമാക്കിയ ഒരു കേന്ദ്രമാക്കാനുള്ള ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നതായും അതിനുള്ള പദ്ധതി തയ്യാറാകാൻ വാസ്തുവിദ്യാ ഗുരുകുലത്തെ ചുമതലപ്പെടുത്തുന്നതായും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
വസ്തുവിദ്യാ ഗുരുകുലത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ പി എസ് പ്രിയദർശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, മാലേത്ത് സരളാ ദേവി, ഗുരുകുലം നിർവാഹക സമിതി അംഗങ്ങളായ ശ്രീജ വിമൽ, കെ പി അശോകൻ, ജി വിജയൻ എന്നിവർ സംസാരിച്ചു. വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ. ജി ശങ്കർ സ്വാഗതവും വൈസ് ചെയർമാൻ ആർ അജയകുമാർ നന്ദിയും പറഞ്ഞു. ഗ്രാമീണ കലാകേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വാസ്‌തുവിദ്യാ ഗുരുകുലത്തിനോട് ചേർന്ന കെട്ടിടത്തിലാണ് വിപണനകേന്ദ്രം പ്രവർത്തിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..