പത്തനംതിട്ട
നവീൻ ബാബുവിന് അന്ത്യോപചാരം അർപ്പിച്ച് സഹപ്രവർത്തകർ. ഉദ്യോഗസ്ഥരും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഉൾപ്പെടെ ആയിരക്കണക്കിനുപേർ കലക്‌ട്രേറ്റിൽ നടന്ന പൊതുദർശനത്തിലെത്തി ആദരാഞ്ജലി നേർന്നു. പത്തനംതിട്ടയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 9.45ഓടെയാണ് വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചത്. വിതുമ്പലോടെയും നിറകണ്ണുകളോടെയും പ്രിയപ്പെട്ട സഹപ്രവർത്തകനെ അവസാനമായി കണ്ട് ഓരോരുത്തരും നീങ്ങി. ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെ വൻ ജനാവലി വിലാപയാത്രയെ അനുഗമിച്ചു. എംഎൽഎമാർ അടങ്ങുന്ന ജനപ്രതിനിധികളും കലക്ടർമാർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥ വൃന്ദവും ഉൾപ്പെടെ വൻ ജനാവലിയാണ് കലക്ടറേറ്റ് വളപ്പിൽ കാത്തുനിന്നത്. ഇവിടെ പൊതുദർശനം 11 വരെ നീണ്ടു.
ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, റവന്യു മന്ത്രി കെ രാജൻ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. മാത്യു ടി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, വിഴിഞ്ഞം തുറമുഖം ഡയറക്ടർ ദിവ്യ എസ് അയ്യർ, എറണാകുളം കലക്ടർ എൻ എസ് കെ ഉമേഷ്, പത്തനംതിട്ട കലക്ടർ എസ് പ്രേംകൃഷ്‌ണൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
ദുഖം തളംകെട്ടിക്കിടന്ന കലക്‌ട്രേറ്റ് വളപ്പിൽനിന്ന് സഹപ്രവർത്തകർ പ്രിയപ്പെട്ട എഡിഎമ്മിന് അവസാന യാത്രമൊഴിയേകി. തുടർന്ന് പതിനൊന്നോടെ മൃതദേഹം വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോയി. നിരവധി വാഹനങ്ങൾ വിലാപയാത്രയെ അനുഗമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..