കോന്നി> സിവിൽ സർവീസിലെ എക്കാലത്തെയും കണ്ണീരോർമയായി കണ്ണൂർ മുൻ എഡിഎം നവീൻ ബാബു. ജന്മനാടിന്റെയും സഹപ്രവർത്തകരുടെയും യാത്രാമൊഴിയോടെ അദ്ദേഹം വിടവാങ്ങി. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലക്ട്രേറ്റിൽ പൊതുദർശനത്തിനുവച്ച ശേഷമാണ് 11.30ഓടെ മൃതദേഹം മലയാലപ്പുഴയിലെ കാരുവള്ളിൽ വീട്ടിലെത്തിച്ചത്.
വീടിനുള്ളിൽ കുറച്ചുസമയം വച്ച ശേഷം മൃതദേഹം മുറ്റത്ത് തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിനു വച്ചു. രാവിലെ മുതൽ വൻ ജനാവലി വീട്ടിലേക്ക് ഒഴുകിയെത്തി. നവീൻ ജോലി ചെയ്‌ത സ്ഥലങ്ങളിലെ സഹപ്രവർത്തകരും അനുശോചനമറിയിക്കാൻ എത്തിയിരുന്നു.
മന്ത്രിമാരായ കെ രാജൻ, വീണാ ജോർജ്, എംഎൽഎമാരായ അഡ്വ. കെ യു ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ തുടങ്ങിയവർ തുടക്കം മുതൽ സംസ്കാര ചടങ്ങുകൾ അവസാനിക്കുംവരെ മൃതദേഹത്തിനരികിലുണ്ടായിരുന്നു.
പകൽ 2.-15ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മക്കളായ നിരഞ്ജന, നിരുപമ എന്നിവർക്കൊപ്പം സഹോദരപുത്രൻ സൂര്യ ശങ്കർ, സഹോദരീപുത്രി സുഷമ, ഭർത്താവ് ശംഭു എന്നിവർ ചടങ്ങുകൾ നിർവഹിച്ചു. ഭർത്താവിനെ അവസാനമായി കാണാനും അന്ത്യചുംബനമേകാനും ഭാര്യ മഞ്ജുഷയെത്തിയ വികാരനിർഭരമായ രംഗവും കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
ചടങ്ങുകൾക്ക് ശേഷം വീടിനു പിൻഭാഗത്ത് ക്രമീകരിച്ച ചിതയിലേക്ക് റവന്യൂ മന്ത്രി കെ രാജൻ, അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, മുൻ എംഎൽഎ രാജു ഏബ്രഹാം എന്നിവരും ബന്ധുക്കളും ചേർന്ന് നവീന്റെ മൃതദേഹം കൊണ്ടുപോയി.മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും സഹോദരപുത്രൻ സൂര്യ ശങ്കറും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. കലക്ടർ എസ് പ്രേം കൃഷ്‌ണൻ, മുൻ കലക്ടർ പി ബി നൂഹ് തുടങ്ങിയവർ ചിതയ്‌ക്കരികിലുണ്ടായിരുന്നു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, അഡ്വ. ആർ സനൽകുമാർ, എ പത്മകുമാർ, എസ് ആർ അരുൺ ബാബു, ബി നിസാം, എസ് ഹരിദാസ്, ശ്യാംലാൽ, മലയാലപ്പുഴ മോഹനൻ, ചെങ്ങറ സുരേന്ദ്രൻ, പി ആർ ഗോപിനാഥൻ, വി മുരളീധരൻ, സജി അലക്സ്, ഏബ്രഹാം വാഴയിൽ, അടൂർ പ്രകാശ് എംപി, കെ മുരളീധരൻ എംപി, ഷിബു ബേബി ജോൺ, ലതികാ സുഭാഷ്, ജില്ലാ പൊലീസ് മേധാവി ടി ജി വിനോദ് തുടങ്ങിയവർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..