18 November Monday

കോന്നി മെഡിക്കൽ കോളേജ്‌ മോർച്ചറി 
നിർമാണം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

കോന്നി ഗവ.മെഡിക്കൽ കോളേജിൽ നിർമാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മോർച്ചറി

കോന്നി
അത്യാധുനിക സൗകര്യങ്ങളോടെ കോന്നി ഗവ. മെഡിക്കൽ കോളജിൽ നിർമാണം പൂർത്തീകരിച്ച ആധുനിക മോർച്ചറിയുടെ ഉദ്ഘാടനം ഉടൻ നടക്കും. ഗവ. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന് എതിർവശത്തയാണ് മോർച്ചറി നിർമിച്ചത്. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളിലെ മോർച്ചറികളെക്കാൾ കൂടുതൽ അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. 
നാല് മൃതദേഹങ്ങൾ ഒരേ സമയം പോസ്റ്റ്മോർട്ടം ചെയ്യാവുന്ന തരത്തിലാണ് മോർച്ചറി ക്രമീകരിച്ചിരിക്കുന്നത്. ആറ് മൃതദേഹങ്ങൾ ഒരേ സമയം സൂക്ഷിക്കാനുള്ള ഫ്രീസറുകളുണ്ട്‌. അഴുകിയ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്താൻ പ്രത്യേക മുറിയും സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഡോക്ടർമാർക്കും, പൊലീസിനും പ്രത്യേകം മുറികൾ മോർച്ചറിയിലുണ്ട്. മോർച്ചറി ഉപകരണങ്ങൾ ഉൾപ്പെടെ രണ്ടു കോടിയിലധികം രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ പെയിന്റിങ്, ടൈൽ ഇടുന്ന  ജോലികൾ പൂർത്തിയായി.  
പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള ഡോക്ടർമാരെയും നിയമിച്ചു. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് കോന്നി പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന മോർച്ചറി നിർത്തലാക്കിയതോടെ പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജുകളെ ആശ്രയിച്ചാണ് പോസ്റ്റുമോർട്ടങ്ങൾ നടന്നുവരുന്നത്. ഇത്‌ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടാൻ കാലതാമസവും ഉണ്ടാകുന്നു. 
മെഡിക്കൽ കോളേജിലെ  മോർച്ചറി പ്രവർത്തനം ആരംഭിക്കുന്നതിലൂടെ മലയോര മേഖലയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം കൂടിയാണ് നിറവേറ്റപ്പെടുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ നിരന്തര  ഇടപെടലിലൂടെയാണ് മോർച്ചറിയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top