02 October Wednesday

ലേലം ഉറപ്പിക്കുന്നു... ഒന്ന്, രണ്ട്, മൂന്നു തരം

ആർ ഹരീഷ്‌Updated: Monday Aug 19, 2024

നാരങ്ങാനത്തെ കർഷക വിപണി

നാരങ്ങാനം 
ആലുങ്കലിൽ ഞായറാഴ്‌ചകളിൽ ഒരു ആഘോഷമുണ്ട്‌. മണ്ണും മനസ്സും മാത്രം കലർന്ന കാർഷിക വിപണനത്തിന്റെ ആഘോഷം. കൊടുക്കൽ വാങ്ങലുകളുടെ സുതാര്യത ഇവിടെ കാണാം. വിളവെടുക്കുന്നവനും വാങ്ങുന്നവനും തമ്മിലുള്ള അകലം കുറവാണിവിടെ. ഈ കാർഷിക സംസ്‌കൃതിക്ക്‌  മലയാള പുതുവർഷ തുടക്കത്തിൽ കാൽ നൂറ്റാണ്ട്. 
   നാരങ്ങാനത്തെ പച്ചമണ്ണിൽ വളർന്നുയർന്ന പഴം–-- പച്ചക്കറി വിഭവങ്ങൾ വിപണനം ചെയ്യുന്ന വിപണന മേള, അതാണിവിടെ. കർഷകർ അവരുടെ വിളകളുമായി ഇവിടെയെത്തും, ഇടനിലക്കാരില്ലാതെ. ആർക്കുമത്‌ വാങ്ങാം. വിലയിടുന്നത്‌ വാങ്ങുന്നവർ. അതാണിവിടത്തെ സംസ്‌കൃതി. കർഷക സ്വാശ്രയ കർഷക സമിതിയാണ്‌ ഇത് കാലങ്ങളായി നടത്തുന്നത്. വെജിറ്റബിൾ ഫ്രൂട്ട്‌ പ്രമോഷൻ കൗൺസിൽ കേരള (വിഎഫ്‌പിസികെ)യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ചുരുക്കം കർഷക സമിതികളിൽ ഒന്ന്‌.
     പഞ്ചായത്ത്‌ ഓഫീസിന്‌ സമീപത്തെ  ചന്തയിൽ കാർഷികോൽപ്പന്നങ്ങൾ നിരത്തി വച്ചിരിക്കുന്നത്‌ കാണാൻ തന്നെയൊരു ചേലാണ്‌. സമിതിയുടെ പ്രസിഡന്റ്‌ എം ജി ഫിലിപ്പോസ്‌ കർഷകർ കൊണ്ടുവരുന്ന ഉൽപ്പന്നങ്ങൾ തൂക്കവും എണ്ണവും  രേഖപ്പെടുത്തിയശേഷം അത്‌ നിരത്തി വയ്‌ക്കും. ഓരോ ഉൽപ്പന്നങ്ങളിലും കർഷകന്റെ പേരും വിളകളുടെ തൂക്കവും രേഖപ്പെടുത്തും. വിളകൾ എത്തിക്കുന്നത്‌ വർഷങ്ങളായി ഈ കർഷക സമിതിയിൽ അംഗത്വം ഉള്ളവരാണ്. വാങ്ങാൻ എത്തുന്നത് നാട്ടുകാരെ കൂടാതെ ദൂരെ നാട്ടിൽ നിന്നുള്ളവരും. കാച്ചിലും ചേനയും ചേമ്പും തുടങ്ങിയവ മുതൽ വാഴക്കൂമ്പ്‌ വരെ വിപണിയിൽ നിരത്തും. ഏത്ത വാഴയും കുടിവാഴക്കുലകളുമാണ് വാഴക്കുല കളത്തിൽ. കാന്താരി മുളക്‌ മാത്രമല്ല, നാട്ടിൽ വിളഞ്ഞ പച്ചമുളകുമുണ്ട്‌. എല്ലാം നാരങ്ങാനത്തിന്റെ നാട്ടിൻപുറമണ്ണിൽ വിളഞ്ഞവ. ജൈവമയമായ ജീവനുള്ള പച്ചക്കറി ഇനങ്ങൾ. 
  ഫിലിപ്പോസ്‌ ചേട്ടൻ ലേലം വിളിച്ചു തുടങ്ങും. ഓരോ ഇനം തിരിച്ച്‌ ‘തരം’ പറഞ്ഞാണ്‌ വിളി. ഒരു തരം, രണ്ട്‌ തരം ... വിളകൾ വാങ്ങാനെത്തുന്നവർ അവർക്ക്‌ യോജ്യമായ വില ഏറ്റുവിളക്കും. അതിന്‌ മുകളിൽ വിളി വരും. അവസാനം മറ്റാർക്കും വിളിക്കാനില്ലാതെ വില വരുമ്പോൾ ഫിലിപ്പോസ്‌ ചേട്ടൻ പറഞ്ഞ്‌ നിർത്തും. ലേലം മൂന്ന്‌ തരം. പിന്നീട്‌ അടുത്ത ഇനത്തിലേക്ക്‌ പോകുകയാണ്‌. എല്ലാ ഇനങ്ങൾക്കും കിട്ടിയ വില സമിതിയാണ്‌ കർഷകർക്ക്‌ നൽകുന്നത്‌. വിളിച്ച്‌ നിർത്തിയ വിലയുടെ അഞ്ച്‌ ശതമാനം മാറ്റിവച്ചാണ്‌ കർഷകർക്ക്‌ നൽകുന്നത്‌. സമിതിയുടെ ചെലവിന്‌ ഉപയോഗിച്ച ശേഷം ബാക്കിയുള്ള രണ്ട്‌ ശതമാനം തുക കർഷകർക്ക്‌ പിന്നീട്‌ തിരികെ നൽകും. കൂടാതെ കർഷകർക്ക്‌ സൗജന്യ നിരക്കിലും വിത്തും തൈകളും നൽകുന്നത്‌ സമിതിയാണ്‌. സബ്‌സിഡി നിരക്കിൽ വളവും നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top