ആറന്മുള
ഓണാഘോഷങ്ങളുടെ അവസാനലാപ്പായി പമ്പയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള നടന്നു. അനുകൂല കാലാവസ്ഥയിൽ ആവേശവുമായി നാടാകെ പമ്പാതീരത്തേക്കൊഴുകി. ബുധൻ പകൽ 2.10ഓടെ ജലഘോഷയാത്ര ആരംഭിച്ചു. കഠിനമായ ചൂടിൽ കുടപിടിച്ചും നദിയിൽ മുട്ടോളം വെളത്തിൽ ഇറങ്ങി നിന്നുമാണ് കാണികൾ പള്ളിയോടങ്ങൾക്ക് ആവേശം നൽകിയത്.
ജലഘോഷയാത്രയിൽ 51 പള്ളിയോടങ്ങൾ പങ്കെടുത്തു. ഒരു കിലോ മീറ്ററോളം ദൂരമുള്ള മത്സര ട്രാക്കിന്റെ ഇരു കരകളും കാണികളെകൊണ്ട് നിറഞ്ഞു. എ, ബി ബാച്ചുകളിലായി നടന്ന മത്സര വള്ളംകളി 3.05 ന് ആരംഭിച്ചു. മത്സര വള്ളംകളിയിൽ 49 പള്ളിയോടങ്ങളാണ് പങ്കെടുത്തത്. മുതവഴി, കുറിയന്നൂർ, ഇടശ്ശേരി മല എന്നീ പള്ളിയോടങ്ങൾ മത്സര വള്ളംകളിയിൽ പങ്കെടുത്തില്ല.
ഒരേ പോലെ തുഴഞ്ഞെത്തിയ പള്ളിയോടങ്ങൾ ഫൈനൽ മത്സരത്തിൽ വിധികർത്താക്കളെ പോലും അനിശ്ചിതത്വത്തിലാക്കി. അത്രയേറെ ആവേശത്തിലായിരുന്നു ഫൈനൽ റൗണ്ട് മത്സരം നടന്നത്.
ഏറ്റവും നല്ല ചമയത്തിനുള്ള സമ്മാനം എ ബാച്ചിൽ മാരാമൺ പള്ളിയോടത്തിനും ബി ബാച്ചിൽ കടപ്ര പള്ളിയോടത്തിനും ലഭിച്ചു.
ഏറ്റവും നന്നായി പാടിത്തുഴഞ്ഞ് എത്തിയ പള്ളിയോടത്തിനുള്ള പുരസ്‌കാരം എ ബാച്ചിൽ ചെറുകോൽ പള്ളിയോടത്തിനും ബി ബാച്ചിൽ കീക്കൊഴൂർ വയലത്തല പള്ളിയോടത്തിനും ലഭിച്ചു. മത്സരം രാത്രി ഏഴോടെയാണ് അവസാനിച്ചത്.
നദിയുടെ ഇരു കരകളിലും തടിച്ചുകൂടിയ ജനസാഗരത്തിന് മത്സരം ആവേശമായി. പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങോടെയാണ് ജലമേള ആരംഭിച്ചത്. നാല് സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും മത, രാഷ്ട്രീയ സംഘടനാ നേതാക്കളുടെയും സാന്നിധ്യം ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..