26 December Thursday
എസ്‌എസ്‌എൽസി പരീക്ഷാ ഒരുക്കം തുടങ്ങി

പഠനം മുന്നേറും

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023
പത്തനംതിട്ട
എസ്‌എസ്‌എൽസി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ ഇത്തവണ ജില്ലയിൽ നേരത്തെ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ മുൻ വർഷങ്ങളിൽ നടത്തിയിരുന്ന പദ്ധതിയുടെ തുടർച്ചയാണ്‌ ഇത്തവണയും നടത്തുന്നത്‌. ജില്ലയിൽ എസ്‌എസ്‌എൽസി വിജയ ശതമാനം വർധിപ്പിക്കാൻ ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുന്ന "മുന്നേറ്റം' പദ്ധതി പ്രവർത്തനങ്ങൾ ഇത്തവണയും നടക്കും.  അധിക സമയം ക്ലാസ്‌ ഏർപ്പെടുത്തി ഓരോ വിദ്യാർഥിയുടെയും പ്രശ്‌നങ്ങൾ മനസ്സിലാക്കി പഠന നിലവാരം ഉയർത്തുക എന്നതാണ് പരിപാടി. വിദ്യാർഥികൾക്കാവശ്യമായ പഠന സഹായികളും അച്ചടിച്ച്‌ നൽകും. പദ്ധതിയുടെ നടത്തിപ്പിന് 25 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ചിട്ടുണ്ട്‌.
    അധിക സമയ ക്ലാസുകളിൽ വിദ്യാർഥികൾക്ക്‌ ലഘുഭക്ഷണവും ജില്ലാ പഞ്ചായത്ത്‌ നൽകും. കഴിഞ്ഞ വർഷം പഠന സഹായി അച്ചടിച്ച്‌ വിദ്യാർഥികളിൽ എത്തിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇത്തവണ ഇത്‌ അച്ചടിച്ച്‌ മുഴുവൻ കുട്ടികളിലും എത്തിക്കാനാണ്‌ ആലോചന. ഹയർ സെക്കൻഡറി പഠന സഹായി ഇതിനകം അച്ചടിക്കാൻ നൽകിയിട്ടുണ്ട്‌. 
"മുന്നേറ്റം' പദ്ധതിയുടെ കൂടുതൽ ആലോചനകൾക്കായി ജില്ലാ പഞ്ചായത്ത്‌ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ്‌ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വരും ദിവസങ്ങളിൽ ചേരും. ഈ പ്രവർത്തനങ്ങൾക്ക്‌ ഡയറ്റാണ്‌ അക്കാദമിക്‌ പിന്തുണ നൽകുന്നത്‌.
എസ്‌എസ്‌എൽസി പരീക്ഷ തീയതിയെ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മാർച്ച്‌ നാല്‌ മുതൽ 26 വരെയാണ്‌ പരീക്ഷ. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ ഫോട്ടോ പരീക്ഷ ഭവനിൽ നൽകേണ്ട സമയമായി. ഇതിനായി പല സ്‌കൂളുകളിലും വിദ്യാർഥികളുടെ ഫോട്ടോ എടുക്കുന്ന പ്രവർത്തനം നടക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top