വെച്ചൂച്ചിറ
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് 6,000 കോടി രൂപ ചെലവഴിച്ചെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. റാന്നി വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളേജിന്റെ പുതിയ കെട്ടിടങ്ങളും ഹോസ്റ്റൽ സമുച്ചയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏറ്റവും ഉയർന്ന ജോലിസാധ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പോളിടെക്നിക് കോളേജുകൾ. പ്രവൃത്തികളിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായമാണ് മുഖമുദ്ര. ആർട്‌സ് ആൻഡ് സയൻസ് കോളജുകളേയും ഈ രീതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. നിർമിതബുദ്ധി, റോബോട്ടിക്സ്, മെഷീൻ ലേണിങ് തുടങ്ങിയ നവവൈജ്ഞാനിക സമൂഹത്തെ സൃഷ്ടിച്ച് പുതിയ സാങ്കേതികവിദ്യയുടെ ഗുണഭോക്താക്കളാക്കലാണ് സർക്കാർ ലക്ഷ്യം.
വിദ്യാർഥികളുടെ നൂതന ആശയങ്ങളെ പ്രായോഗികതലത്തിലേയക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഇൻഡസ്ട്രി ഓൺ കാമ്പസ് പദ്ധതിയുടെ ഭാഗമായി കോളേജുകളിൽ തുടരുന്നു. നൂതന ആശങ്ങളുമായി മുന്നോട്ടുവരുന്ന വിദ്യാര്‍ഥികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ അഞ്ച് ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ സര്‍ക്കാര്‍ നല്‍കുന്നു. വ്യാവസായിക വിദ്യാഭ്യാസ മേഖലകളെ സംയോജിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
11 കോടി രൂപ ചെലവില്‍ നിർമിച്ച ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലുകൾ, 3.5 കോടി രൂപ ചെലവില്‍ നിർമിച്ച വർക്ക്ഷോപ്പ്, ഡ്രോയിങ് ഹാൾ, ജിംനേഷ്യം, കാന്റീൻ, ഗേറ്റ്, സെക്യൂരിറ്റി റൂം തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്.
അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ സതീഷ് പണിക്കർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ് രമാദേവി, മുൻ എംഎൽഎ രാജു എബ്രഹാം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ കെ എൻ സീമ, പ്രിൻസിപ്പൽ ഡോ. എൻ ഡി ആഷ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..