തിരുവല്ല
മഴക്കാലത്ത് വെള്ളക്കെട്ട് കാരണം വാഹനയാത്രക്കാർക്ക് ദുരിതങ്ങൾ മാത്രം സമ്മാനിച്ച കുറ്റൂർ റെയിൽവേ അടിപ്പാത പുനർനിർമാണത്തിനായി ബുധനാഴ്ച മുതൽ മൂന്നാഴ്ചത്തേക്ക് അടച്ചിടും. വെള്ളം കയറാത്ത വാട്ടർപ്രൂഫ് കോൺക്രീറ്റിങ്ങാണ് ലക്ഷ്യമിടുന്നത്. തിരുവല്ലയുടെ ഔട്ടർ ബൈപ്പാസായി ഉപയോഗിക്കുന്ന കുറ്റൂർ–-മനയ്ക്കച്ചിറ റോഡിലെ ഗതാഗതം ഇതുമൂലം തടസ്സപ്പെടും.
എം സി റോഡിലെ കുറ്റൂർ ജങ്‌ഷനിൽ നിന്നാരംഭിച്ച് ടികെ റോഡിലെ മനക്കച്ചിറയിലെത്തി അവിടെനിന്ന് മല്ലപ്പള്ളി റോഡിലെ കിഴക്കൻ മുത്തൂരെത്തി തുടർന്ന് ചുമത്ര വഴി എംസി റോഡിലെ തന്നെ മുത്തൂർ ജങ്‌ഷനിൽ അവസാനിക്കുന്ന ഈ റോഡ് അടുത്തിടെയാണ് 27 കോടി രൂപ മുടക്കി നിർമിച്ചത്. റെയിൽവേ അടിപ്പാതകളിൽ ഏറ്റവും നീളമേറിയ പാതയാണ് കുറ്റൂരിലേത്. 23 അടി വീതിയിലും 50 അടി നീളത്തിലുമായി ബോക്സ് രൂപത്തിൽ രണ്ടെണ്ണം നിർമിച്ച ശേഷം ഹൈഡ്രോളിക്ക് ജാക്കി ഉപയോഗിച്ച് തള്ളിയാണ് പാത നിർമിച്ചത്. ബോക്സ് നീക്കിയ സമയത്ത് ഇത് ഇരുത്തിപ്പോയതുകൊണ്ടാണ് മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ടുണ്ടാകുന്നത്.
പ്രശ്‌നം പരിഹരിക്കാൻ നിരവധി പരീക്ഷണങ്ങൾ റെയിൽവേ നടത്തി. വെള്ളക്കെട്ടിനു മാത്രം പരിഹാരമുണ്ടായില്ല. റൂഫിങ്, വാൽവ്, സൈഡ് വാൾ, ഓട, വെള്ളം വറ്റിക്കാൻ വലിയ മോട്ടോറുകൾ മുതലായവയൊക്കെ പല ഘട്ടങ്ങളിലായി പരീക്ഷിച്ച് പരാജയപ്പെട്ടു. കഴിഞ്ഞവർഷം കാറിൽ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബം വെള്ളക്കെട്ടിലകപ്പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. റെയിൽവേ ഗേറ്റും കാവൽക്കാരനെയും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേ അടിപ്പാത നിർമിച്ചത്.
തൊട്ടടുത്തുള്ള മണിമലയാറ്റിലെ ജലനിരപ്പുയർന്നാലും കനത്ത മഴയുണ്ടായാലും വെള്ളം നിറയുന്ന ഇവിടെ മേൽപ്പാതയാണ് വേണ്ടതെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് റെയിൽവേ നിർമിച്ച അടിപ്പാത കാലവർഷത്തിൽ മുങ്ങുന്നതോടെ ഗേറ്റ് സ്ഥാപിച്ചും കാവൽക്കാരനെ നിർത്തിയും പരീക്ഷണങ്ങൾ പലതു നടത്തി. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനായില്ല.
തുടർന്ന് നാട്ടുകാരും വാഹനയാത്രക്കാരും റെയിൽവേ ഉന്നത അധികൃതർക്ക് നൽകിയ നിരവധി പരാതികളുടെ ഫലമായി നാലുമാസം മുമ്പ് റെയിൽവേ റോഡ് സേഫ്റ്റി ചീഫ് എൻജിനീയർ ഹുമാൻഷു ഗോസാമി അടിപ്പാത സന്ദർശിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ നിർദേശം നൽകി. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ നിർമാണം.
നിലവിലെ റോഡിലെ കോൺക്രീറ്റും കമ്പിയും ഇളക്കി മാറ്റി വെള്ളം കയറാത്ത വാട്ടർ പ്രൂഫ് കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ വർഷവും ഒരു മാസക്കാലത്തോളം റോഡ് ഗതാഗതം തടഞ്ഞ് നിർമാണം നടത്തിയെങ്കിലും വെള്ളക്കെട്ടിന് മാത്രം പരിഹാരം കാണാനായില്ല. നിലവിൽ നടപ്പാതയ്ക്ക് മുകളിലൂടെ ചെറിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ഒരടി കൂടി വീതി കൂട്ടി നിർമിച്ചാൽ വലിയ കാറുകൾ ഉൾപ്പെടെ കടന്നു പോകും.
പുതിയ നിർമാണത്തിലൂടെ വെള്ളക്കെട്ടിന് ശാശ്വതം പരിഹാരം കാണാനാവുമെന്ന് കരുതാനാകില്ല. ഗൂഗിൾ മാപ്പിലടക്കം പ്രധാനപ്പെട്ട റോഡായി കാണിക്കുന്ന ഇതിലേ വരുന്ന വാഹന യാത്രക്കാർ വെള്ളക്കെട്ടിൽ അകപ്പെട്ട് അപകടമുണ്ടാകുന്നു. വാഹനങ്ങൾക്കും നാശമുണ്ടാകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..