പത്തനംതിട്ട
ജനങ്ങളുടെ പരാതികൾക്ക് അടിയന്തര പരിഹാരം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടത്തിയ "കരുതലും കൈത്താങ്ങും’ താലൂക്ക് അദാലത്തുകൾ ജില്ലയിൽ പൂർത്തിയായി. കഴിഞ്ഞ ഒരാഴ്‌ചയായി ജില്ലയിൽ നടന്ന അദാലത്ത് കോഴഞ്ചേരി, മല്ലപ്പള്ളി, അടൂർ, റാന്നി, തിരുവല്ല, കോന്നി എന്നീ ആറ് താലൂക്കുകളിലും പൂർത്തിയാക്കി ചൊവ്വാഴ്‌ച സമാപിച്ചു. രണ്ട് മന്ത്രിമാർ ജനങ്ങൾക്കരികിൽ നേരിട്ടെത്തി പരാതികൾ കേട്ട് അദാലത്തിലൂടെ നിരവധിയായ പരാതികൾക്കാണ് തീർപ്പുണ്ടായത്. വർഷങ്ങൾ നീണ്ട പരാതികൾ ഉൾപ്പെടെയാണ് മന്ത്രിമാരായ പി രാജീവും വീണാ ജോർജും തീർപ്പാക്കിയത്. പരിഹാരം കണ്ടെത്തി നൂറുകണക്കിന് ആളുകളിൽ ആശ്വാസം പടർത്തിയാണ് ജില്ലയിൽ അദാലത്ത് സമാപിച്ചത്.
ജില്ലയിൽ ആകെ 1,530 പരാതികളാണ് ആറ് താലൂക്കുകളിൽനിന്ന് ലഭിച്ചത്. ഇതിൽ 892 ഏണ്ണം അദാലത്തിന് മുമ്പ് ഓൺലൈനായി ലഭിച്ചവയും 638 എണ്ണം അദാലത്ത് ദിവസം ലഭിച്ചതുമാണ്. ഓൺലൈനായി സമർപ്പിച്ച പരാതികളിൽ 635 എണ്ണത്തിനും അദാലത്തിൽ പരിഹാരം ലഭിച്ചു. 71.18 ശതമാനം പരാതികളും തീർപ്പാക്കാനായി. ഇതിൽ തന്നെ 289 പരാതികൾ പൂർണമായി പരിഹരിച്ചവയാണ്. 32.39 ശതമാനം. 346 പരാതികൾക്ക് പരിഹാര നിർദേശവും നൽകി. 38.78 ശതമാനം. അദാലത്ത് ദിവസങ്ങളിൽ ലഭിച്ച 638 പരാതികൾ ഒരാഴ്‌ചക്കുള്ളിൽ പരിഹരിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശവും നൽകി. ഇവയുടെ പുരോഗതി ഉദ്യോഗസ്ഥ തലത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന യോഗങ്ങളിൽ വിലയിരുത്തി പൂർണമായി പരിഹരിക്കാനുള്ള നടപടിയും സ്വീകരിക്കും.
അടൂർ താലൂക്ക് അദാലത്തിലാണ് ഏറ്റവുമധികം പരാതിയെത്തിയത്. 355 എണ്ണം ലഭിച്ചതിൽ 114 പരാതിയും തീർപ്പാക്കി. ഏറ്റവും കൂടുതൽ പരാതി പരിഹരിച്ചത് തിരുവല്ല, കോന്നി അദാലത്തുകളിലാണ്. 126 എണ്ണം വീതം. തിരുവല്ലയിൽ 289 പരാതിയും കോന്നിയിൽ 287 പരാതിയുമാണ് ആകെ ലഭിച്ചത്. കോഴഞ്ചേരി 218, മല്ലപ്പളളി 177, റാന്നി 204 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽനിന്ന് ലഭിച്ച പരാതികളുടെ എണ്ണം. കോഴഞ്ചേരിയിൽ 110 പരാതിക്കും മല്ലപ്പള്ളിയിൽ 73 പരാതിക്കും റാന്നിയിൽ 86 പരാതിക്കും തീർപ്പായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..