19 December Thursday

ഒരുക്കങ്ങൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024
കോഴഞ്ചേരി  
ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്രയ്‌ക്ക്‌ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അസിസ്റ്റന്റ് കമീഷണർ ആർ രേവതി, സ്പെഷ്യൽ ഓഫീസർ പി സുനിൽ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായർ രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് തങ്കഅങ്കി രഥഘോഷയാത്ര പുറപ്പെടും. ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ദേവസ്വം കമീഷണർ തുടങ്ങിയവർ പങ്കെടുക്കും. 
പ്രത്യേകം അലങ്കരിച്ച രഥത്തിൽ ആറന്മുള ക്ഷേത്രത്തിൽനിന്ന് പുറപ്പെടുന്ന തങ്കഅങ്കി ഘോഷയാത്ര 25ന് വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പ്‌ ശബരിമല സന്നിധാനത്ത്‌ എത്തും. തങ്കഅങ്കി പുറപ്പെടും മുമ്പ്‌ ആറന്മുള ക്ഷേത്രാങ്കണത്തിൽ തങ്കഅങ്കി ദർശിക്കാനും പറ ഇടാനും കാണിക്ക അർപ്പിക്കാനും പുലർച്ചെ അഞ്ചുമുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രങ്ങൾ ഉൾപ്പെടെ 75ഓളം കേന്ദ്രങ്ങൾ സന്ദർശിച്ചാണ് രഥഘോഷയാത്ര സന്നിധാനത്ത്‌ എത്തുന്നത്.
ആദ്യ ദിവസമായ 22ന് രഥഘോഷയാത്ര ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം 23ന് രാവിലെ എട്ടിന് പുറപ്പെട്ട് വൈകിട്ട്‌ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിശ്രമിക്കും. 24ന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം 25ന് രാവിലെ എട്ടിന് പുറപ്പെട്ട് പകൽ ഒന്നരയോടെ പമ്പയിലെത്തും. പകൽ മൂന്നിന് പമ്പയിൽനിന്നും പുറപ്പെട്ട് അഞ്ചോടെ ശരംകുത്തിയിലെത്തുന്ന തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിച്ച്‌ സന്നിധാനത്തേക്ക് ആനയിക്കും.
രഥഘോഷയാത്ര എത്തുന്ന കേന്ദ്രങ്ങളിൽ തങ്കഅങ്കി ദർശിക്കാനും കാണിക്ക അർപ്പിക്കാനും സൗകര്യമുണ്ട്. പൊലീസിന്റെ ശക്തമായ സുരക്ഷയിലുള്ള രഥഘോഷയാത്രയെ അഗ്നിരക്ഷാസേനയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും തീര്‍ഥാടകരും  അനുഗമിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top