പത്തനംതിട്ട
അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും തണലും കരുതലുമേകുന്ന കുടുംബശ്രീയുടെ ജെൻഡർ ഹെൽപ്പ് ഡെസ്‌ക് ‘സ്നേഹിത’ എട്ടാം വർഷത്തിലേക്ക്. 2017 ഡിസംബർ 19ന് പ്രവർത്തനമാരംഭിച്ച ഹെൽപ്പ് ഡെസ്‌ക് വ്യാഴാഴ്‌ച ഏഴ് വർഷം പൂർത്തിയാക്കുന്നു. ഇതിനകം നിരവധി പേർക്ക് അഭയമൊരുക്കി. ദാമ്പത്യ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, സ്ത്രീധന പ്രശ്നങ്ങൾ, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിർന്നവരുടെയും പ്രശ്നങ്ങൾ തുടങ്ങി നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിക്രമത്തിനിരയായ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും കൗൺസലിങ്ങും നിയമസഹായവും നൽകുന്നു സ്നേഹിത.
ഏഴു വർഷത്തിനിടെ 3,310 പരാതികളാണ് രജിസ്റ്റർ ചെയ്‌തത്. ഹെൽപ്പ് ഡെസ്‌കിൽ നേരിട്ട് 1,423 പേരും ടോൾ ഫ്രീ നമ്പറിൽ 1,888 പേരും പരാതി നൽകി. ആകെ 320 ഗാർഹിക പീഡനക്കേസുകളും 1,513 കൗൺസിലിങ് കേസുകളും രജിസ്റ്റർ ചെയ്തു. 2022–23ൽ ആണ് ഏറ്റവും കൂടുതൽ ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്തത്. 62 . ഇതുവരെ 423 കുട്ടികളുടെ പ്രശ്നങ്ങളും 184 വയോജന പ്രശ്നങ്ങളും 36 ലൈംഗിക അതിക്രമങ്ങളും 460 മുതിർന്നവരുടെ പ്രശ്നങ്ങളും രജിസ്റ്റർ ചെയ്‌തു. സൈബർ ശല്യങ്ങൾക്കുൾപ്പെടെ ആളുകൾ സ്നേഹിതയെ സമീപിക്കുന്നു. ഈ വർഷം നവംബർ വരെ 241 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
വനിതാ ശിശുക്ഷേമം, പൊലീസ്, തദ്ദേശ വകുപ്പുകളുമായി ചേര്‍ന്നാണ് ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനം. അതിക്രമങ്ങൾക്കിരയായ സ്ത്രീകൾക്കും കുട്ടികൾക്കും സ്നേഹിതയുടെ ഷോർട്ട് സ്റ്റേ ഹോമിൽ സുരക്ഷിത താമസസൗകര്യം നൽകുന്നു. രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകൾക്കും താമസസൗകര്യം ലഭ്യമാക്കുന്നു.
വിളിക്കാം സ്നേഹിതയെ: 1800 425 1244, 04734 250244, 8547549665. സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്, എൻഎസ്‌എസ് മെഡിക്കൽ മിഷൻ ആശുപത്രി ജങ്‌ഷൻ, പന്തളം.
സ്‌കൂളിൽ
കൗമാരപ്രായക്കാരായ വിദ്യാർഥികൾക്ക് അവരുടെ വ്യക്തിപരവും പെരുമാറ്റപരവും കുടുംബപരവും പഠനപരവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരത്തിന് സഹായിക്കുന്നു. ജില്ലയിൽ 11 സ്‌കൂളുകളിലാണ് സ്നേഹിതാ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നത്.
പൊലീസ് സ്റ്റേഷനിൽ
സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്ന കുടുംബ പ്രശ്നങ്ങളിൽ കൗൺസലിങ്, മാനസിക പിന്തുണ എന്നിവ നൽകി കുടുംബബന്ധങ്ങളെ ദൃഢമാക്കാനും കുട്ടികളുടെയും യുവാക്കളുടെയും ഇതര പ്രശ്നങ്ങളിൽ ആവശ്യമായ പിന്തുണ നൽകാനും പൊലീസ് സ്റ്റേഷൻ കൗൺസലിങ് സെന്ററുകളിലൂടെ സാധ്യമാകുന്നു. ജില്ലയിൽ അഞ്ച് പൊലീസ് സ്റ്റേഷൻ കൗൺസിലിങ് സെന്ററുകൾ വഴി ഇതുവരെ 794 കേസുകളാണ് ലഭിച്ചത്.
കോളിങ് ബെൽ
ഒറ്റയ്ക്കോ ഒറ്റപ്പെട്ട സ്ഥലത്തോ താമസിക്കുന്ന വ്യക്തികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടതാണ് സ്നേഹിത കോളിങ് ബെൽ. സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ആവശ്യമായ സാമൂഹിക, മാനസിക പിന്തുണ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..