05 November Tuesday

നൈപുണ്യ വികസനത്തിന്‌ 
കേന്ദ്രം ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

 കോന്നി

മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് വൈവിധ്യമാർന്നതും വ്യാവസായിക മേഖലയ്ക്ക് അനുയോജ്യമായതുമായ പരിശീലനമൊരുക്കാൻ ജില്ലാ നൈപുണ്യ വികസന കേന്ദ്രം. യുവജനതയുടെ തൊഴിൽക്ഷമത വർധിപ്പിച്ച് മികച്ച അവസരങ്ങൾ നേടിയെടുക്കാൻ പ്രാപ്തരാക്കുന്ന തൊഴിൽ വകുപ്പിന്റെ നൈപുണ്യ വികസന കേന്ദ്രത്തിന്റെ സേവനം ഇനി മുതൽ കോന്നിയിലും. നൈപുണ്യ വികസനത്തിനും വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ കേന്ദ്രങ്ങൾ നിലവിൽ  തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ മാത്രമാണുള്ളത്‌. സംസ്ഥാന സർക്കാരിന്റ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ്‌ ജില്ലയിൽ കോന്നിയിൽ പുതിയ കേന്ദ്രം ആരംഭിക്കുന്നത്‌.
     ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ എലിയറയ്ക്കലിൽ നൈപുണ്യ പരിശീലനം, സീപോർട്ട്‌, എയർപോർട്ട് ഷിപ്പിങ്‌ ആൻഡ് ലോജിസ്റ്റിക്സ്, ത്രീഡി പ്രിന്റിങ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അനിമേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്‌, അക്കൗണ്ടിങ്‌ തുടങ്ങിയ പരിശീലനങ്ങളാണ്‌ ഇവിടെ നൽകുക. ഓരോരുത്തരുടെയും അഭിരുചി മനസ്സിലാക്കിയുള്ള അസസ്‌മെന്റ് ആൻഡ് കരിയർ ഗൈഡൻസ് സെൽ, ലോകത്തെ മികച്ച വായനശാലകളെ കോർത്തിണക്കിയുള്ള ഡിജിറ്റൽ ലൈബ്രറി, വിവിധ ഭാഷകളിൽ വിദഗ്ധ  പരിശീലനം നൽകാനുള്ള ലാംഗ്വേജ് ലാബ്, വിവിധ തൊഴിൽ മേഖലകളെ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉൾപ്പെടുത്തി പരിശീലനം നൽകുന്ന മൾട്ടി സ്‌കിൽ റൂം എന്നീ സൗകര്യങ്ങളും പഠനകേന്ദ്രത്തിൽ ഉണ്ട്‌. ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് തൊഴിൽ നേടാനുള്ള പരിശീലന സഹായ കേന്ദ്രമായും സാധാരണ വിദ്യാഭ്യാസം മാത്രമുള്ളവർക്ക് തൊഴിൽ പരിശീലിപ്പിച്ച് നൽകുന്ന സ്ഥാപനമായും കോന്നിയിലെ  നൈപുണ്യ വികസന  കേന്ദ്രം മാറും.
സംസ്ഥാന സർക്കാരിന്റ നൂറു ദിന കർമപരിപാടിയിൽ 62.71 ലക്ഷം രൂപ ചെലവിൽ സംസ്ഥാനത്തെ ആറാമത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം ശനി പകൽ മൂന്നിന്‌ എലിയറയ്ക്കലിൽ  മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ അഡ്വ. കെ യു ജനീഷ് കുമാർ  എംഎൽഎ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top