പ്രമാടം
കേരളത്തിന്റെ നെൽക്കൃഷി പാരമ്പര്യം പുതിയ തലമുറയെ ഓർമപ്പെടുത്താൻ നെൽവിത്തു കൊണ്ട് കേരളത്തിന്റെ ചിത്രമൊരുക്കി പ്രമാടം നേതാജി സ്കൂൾ. കേരളത്തിന്റെ കാർഷിക സംസ്കൃതി അടയാളപ്പെടുത്താൻ നെല്ലുകൊണ്ട് 15 അടി വലിപ്പമുള്ള കേരളച്ചിത്രം വരച്ചാണ് നേതാജി സ്കൂൾ കൊല്ലവർഷം 1200 -നെ എതിരേറ്റത്.
കേരളത്തിന്റെ സംസ്കാരവും വൈവിധ്യവും കുട്ടികളിലേക്ക് എത്തിക്കാൻ കാർഷിക മിനി ഗാലറിയും ഒരുക്കിയാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കേരളീയം നടന്നത്. കാർഷിക ഉപകരണങ്ങളും വൈക്കോൽ തുറുവും നെൽശിൽപ്പവും കുട്ടികളെ ആകർഷിച്ചു. വഞ്ചിപ്പാട്ട് പാടിയാണ് അതിഥികളെ കുട്ടികൾ സ്വീകരിച്ചത്.
കേരള ഗാനങ്ങളുടെ അവതരണങ്ങളും നടന്നു. മുഴുവൻ വിദ്യാർഥികളം മിനി ഗാലറി പ്രദർശനത്തിൽ പങ്കെടുത്തു. സ്കൂൾ പ്രധാനധ്യാപിക സി ശ്രീലത അധ്യക്ഷയായി. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ, കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ നവനിത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു. നെൽ കർഷക പി കെ തങ്കയെ ആദരിച്ചു. യമുനാ സുഭാഷ്, ഡോ. എസ് സുനിൽകുമാർ, ടി ആർ സുരേഷ്, മനോജ് സുനി, കെ ബി ലാൽ, എസ് ബിജു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..