അടൂർ
മിത്രപുരത്ത് വർക്ക് ഷോപ്പിൽ തീ പിടിത്തം. കാറും സിസിടിവി യൂണിറ്റും വാട്ടർ പ്യൂരിഫയറും കത്തി നശിച്ചു. അഗ്നിരക്ഷാ സേനയുടെ ഇടപെടലിൽ വൻ നാശം ഒഴിവായി. ബിൻസ് ഗ്യാരേജ് എന്ന വർക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.
വെൽഡിങ്ങിനുപയോഗിക്കുന്ന ഗ്യാസ് ഓൺ ആക്കി വച്ചിട്ട് സമീപത്ത് കട്ടർ ഉപയോഗിച്ച് ഇരുമ്പ് മുറിച്ചപ്പോൾ സ്പാർക്കുണ്ടായി ഗ്യാസിന് തീ പിടിക്കുകയായിരുന്നു. വർക്‌ഷോപ്പിനുള്ളിലെ സിസിടിവി യൂണിറ്റ്, വാട്ടർ പ്യൂരിഫയർ, ഒരു കാർ എന്നിവ ഭാഗികമായി കത്തി. സ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും അസറ്റിലിൻ വാതകം ചോർന്ന് കൊണ്ടിരുന്നത് തീ പടരാൻ ഇടയാക്കി. അടൂരിൽ നിന്നും അഗ്നിരക്ഷാ സേന എത്തി റഗുലേറ്റർ ഓഫ് ചെയ്ത അപകടം ഒഴിവാക്കുകയായിരുന്നു. സംഭവ സമയത്ത് പതിനഞ്ചോളം വാഹനങ്ങൾ ഇവിടെ അറ്റകുറ്റപ്പണികൾക്കായി സൂക്ഷിച്ചിരുന്നു. ഓക്സിജൻ, അസറ്റിലിൽ തുടങ്ങി ജ്വലന സാധ്യത വളരെ കൂടുതൽ ഉള്ള വാതകങ്ങളും പെട്രോൾ, ഡീസൽ തുടങ്ങി ഇന്ധനങ്ങളും ഓയിലുകൾ, പെയിന്റ് തുടങ്ങി കത്താൻ പര്യാപ്തമായ ധാരാളം വസ്തുക്കൾ സൂക്ഷിച്ച വർക്ക്‌ഷോപ്പിൽ ഒരുവിധ സുരക്ഷാ മുൻ കരുതലുകളും ഉണ്ടായിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..