അടൂർ
എംസി റോഡിൽ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒമ്പതുപേർക്ക് പരിക്ക്. പിക്കപ്പ് ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി വിജയൻ (60), ഒപ്പം യാത്ര ചെയ്ത അരുൺ (35) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് യാത്രികരായ മാവേലിക്കര സ്വദേശിനി ശിവാനി (8), ഏനാത്ത് പുതുശ്ശേരിഭാഗം സ്വദേശി തോമസ് (61), തൃശ്ശൂർ സ്വദേശിനി ഇവാഞ്ചിലിയ (22), കല്ലറ സ്വദേശിനി പ്രീതി (35), മകൾ ഭവ്യ (13), കേശവദാസപുരം പുഷ്പവടിയില്‍ ഖനി (56), ഒഡീഷ സ്വദേശിനി പൂനം (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴം പകൽ ഒന്നിനാണ് അപകടം. പിക്കപ്പ് വാനിന്റെ ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ടതാണ് അപകടത്തിനിടയായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
തൃശ്ശൂരിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും അഞ്ചൽ ഭാഗത്തുനിന്നും പന്തളം ഭാഗത്തേക്ക് പോവുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് റോഡിൽ മറിഞ്ഞു. നാട്ടുകാരാണ് ആദ്യ രക്ഷാപ്രവർത്തനം നടത്തിയത്. വാനില്‍ കുടുങ്ങിയ വിജയനേയും അരുണിനേയും നാട്ടുകാരാണ് പുറത്തെടുത്ത് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അടൂർ അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ പരിക്കേറ്റ ബസ് യാത്രികരേയും ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരെ പുറത്തെടുക്കാൻ പിക്കപ്പ് വെട്ടിപ്പൊളിക്കേണ്ടി വന്നു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസ്സമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..