23 December Monday
"ബ്ലാക്‌മാൻ' ഭീതി പരത്തി മോഷണം

കുട്ടിക്കുറ്റവാളികൾ 
ഉൾപ്പെടെ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024
 
പന്തളം
"ബ്ലാക്മാൻ' ഭീതി പരത്തി മോഷണം നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ സംഘത്തെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്‌ചയായി പന്തളത്തും പരിസരപ്രദേശങ്ങളിലും മോഷണം നടത്തിയ സംഘത്തിലെ മൂന്നുപേരെയാണ് പന്തളം ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ കുടുക്കിയത്. പന്തളം  കുരമ്പാല സൗത്ത് തെങ്ങുംവിളയിൽ വീട്ടിൽ അഭിജിത്ത് (21), സംഘാംഗങ്ങളായ പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാർ എന്നിവരാണ് പിടിയിലായത്.
എറണാകുളം, തൃപ്പൂണിത്തുറ, കോട്ടയം , മാവേലിക്കര,നൂറനാട് തുടങ്ങിയ സ്റ്റേഷനുകളിൽ ഇവർക്കെതിരെ വാഹനമോഷണം ഉൾപ്പെടെ നിരവധി മോഷണ കേസുകളും കവർച്ചാ ശ്രമകേസുകളുമുണ്ട്. അഭിജിത്തിന്റെ പേരിൽ പോക്സോ കേസും നിലവിലുണ്ട്. പിടിയിലായ കൗമാരക്കാർ അടുത്തിടെ ആറ്‌ മൊബൈൽ ഫോണും രണ്ട് സ്‌മാർട്ട് വാച്ചും മോഷ്‌ടിച്ചതടക്കം എറണാകുളത്തുനിന്നും വിലകൂടിയ പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ച് കടത്തിയതിനും ബൈക്ക് മോഷണത്തിനും ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുണ്ട്. 
മോഷ്ടിക്കുന്ന വാഹനത്തിൽ കറങ്ങി നടന്നാണ് ഇവർ മോഷണം നടത്തുന്നത്. നവംബർ മൂന്നിന് അർധരാത്രി തൃപ്പൂണിത്തുറയിൽ നിന്നും പൾസർ ബൈക്ക് മോഷ്ടിച്ച് പന്തളത്തേക്ക് കടത്തി. ഇതിന് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസുണ്ട്. രാത്രി 12ന്‌ ശേഷം  പുറത്തിറങ്ങുന്ന സംഘം  പുലരുവോളം വാഹനത്തിൽ കറങ്ങിനടന്ന് റബർഷീറ്റുകളും മൊബൈൽ ഫോണുകളും ബൈക്കുകളും മറ്റും മോഷ്ടിക്കും. ഒരാഴ്ചക്കിടെ പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി വീടുകളിൽ ഇവർ മോഷണശ്രമം നടത്തി ജനങ്ങളിൽ ഭീതി സൃഷ്ടിച്ചു. 
15ന് അർധരാത്രി പന്തളം കീരുകുഴി സെന്റ്‌ ജോർജ് കാതോലിക്കറ്റ് ചർച്ചിന്റെ വഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ചു. നിരത്തിലെ വാഹനത്തിരക്കും കാണിക്കവഞ്ചിയുടെ സുരക്ഷാക്രമീകരണങ്ങളും കാരണം മോഷണശ്രമം ഉപേക്ഷിച്ചു. സംഘാംഗങ്ങൾ എതിർക്കുന്നവരെ ആക്രമിക്കാറുണ്ട്.  കഴിഞ്ഞ ഒരാഴ്ചയായി "ബ്ലാക്മാൻ'  ഭീതി ഉയർത്തി അഴിഞ്ഞാടുകയായിരുന്നു സംഘം. പ്രദേശവാസികൾ പരിഭ്രാന്തിയിലുമായിരുന്നു. 
മോഷ്ടിച്ച വാഹനവുമായി ഒളിച്ചിരുന്ന പന്തളത്തെ ഒരു വീട്ടിൽ നിന്നാണ്‌ ഇവരെ പിടികൂടിയത്‌. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ഇവർ ശ്രമിക്കുകയും ചെയ്തു. അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാർ, പന്തളം എസ് എച്ച് ഓ ടി ഡി പ്രജീഷ് ,എസ് ഐ അനീഷ് എബ്രഹാം, കെ അമീഷ് , എസ് അൻവർഷ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അഭിജിത്തിനെ റിമാൻഡ് ചെയ്തു. കുട്ടി കുറ്റവാളികളെ ജൂവനൈൽ കോടതിയിൽ ഹാജരാക്കി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top