21 December Saturday
ശൗചാലയമില്ല, സൗകര്യങ്ങളുമില്ല

പന്തളത്ത്‌ 
തീർഥാടകർ വലയുന്നു

സ്വന്തം ലേഖകൻUpdated: Wednesday Nov 20, 2024
പന്തളം
കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡിന് സമീപത്തേക്ക് നഗരസഭാ ബസ്‌ സ്‌റ്റാൻഡ് മാറ്റാനുള്ള പണി ഇപ്പോഴും തൃശങ്കുവിൽ. കെഎസ്ആർടിസിയിൽ നിന്ന് നിയമം പറഞ്ഞ് തിരിച്ചുപിടിച്ച ശൗചാലയമാകട്ടെ പന്തളം നഗരസഭാ ഭരണസമിതി പൂട്ടിയിരിക്കുന്നു. മണ്ഡലകാലം തുടങ്ങിയതോടെ ശബരിമല തീർഥാടകർ വലയുകയാണ്.
പുതുവർഷ സമ്മാനമായി പന്തളം നിവാസികൾക്ക് 2024 ജനുവരി ഒന്നിന് നഗരസഭാ ബസ് സ്റ്റാൻഡ് നൽകുമെന്നായിരുന്നു നഗരസഭാ അധികൃതർ കൊട്ടിഘോഷിച്ചത്. അടുത്ത പുതുവർഷം എത്താൻ ഇനി  41 ദിവസം മാത്രം. സമയബന്ധിതമായി പണിപൂർത്തിയാക്കാൻ കഴിയാത്തതിനാൽ നഗരസഭാ ബസ് സ്റ്റാൻഡ് മാറ്റാനായില്ല. കാത്തിരിപ്പ് കേന്ദ്രം പണി പൂർത്തിയായപ്പോഴേക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ആദ്യം നിർമാണത്തിന്‌ വലിയ കാലതാമസം നേരിട്ടിരുന്നു. പിന്നീട് ഓണത്തോടനുബന്ധിച്ച് കടുത്ത എതിർപ്പിലും ഇവിടം കാർണിവൽ നടത്താൻ വാടകയ്ക്കും നൽകി .
തീരാത്ത നിർമാണം 
പന്തളം –- മാവേലിക്കര റോഡിലെ വെള്ളം മുട്ടാർ നീർച്ചാലിലേക്ക് ഒഴുകിപ്പോകാനുള്ള ഓടയും ബസ് കയറാനുള്ള ഒരു കലുങ്കും നിർമിക്കുന്നത്‌ അടുത്തിടെ മാത്രമാണ് പൂർത്തിയായത്. രണ്ടാമത്തെ കലുങ്കിന്റെയും ബാക്കി ഭാഗത്തുള്ള ഓടയുടെയും പണി ഇപ്പോൾ നടക്കുന്നതേയുള്ളൂ. പന്തളം –- മാവേലിക്കര റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കാനും യാത്രക്കാരുടെ സൗകര്യത്തിനുമായി കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും പുതുതായി തുടങ്ങുന്ന നഗരസഭാ ബസ് സ്റ്റാൻഡിലൂടെ ബ്ലോക്ക് ഓഫീസിന് സമീപമെത്തി പന്തളം കവലയിലേക്ക് പോകാനുള്ള പാതയൊരുക്കുകയായിരുന്നു ലക്ഷ്യം. സ്റ്റാൻഡ് മാറ്റുന്നതിന് മുന്നോടിയായി ചന്തയായിരുന്നപ്പോൾ ഉണ്ടായിരുന്ന മത്സ്യസ്റ്റാളുകളിൽ 12 മുറികൾ കാത്തിരിപ്പ് കേന്ദ്രങ്ങളാക്കി. ഇവിടെ ഇരിപ്പിടങ്ങളും പണിതു. ഇതിനെതിർഭാഗത്തെ പഴയ കെട്ടിടം മേൽക്കൂര സ്ഥാപിച്ച് 10 കടമുറികൾക്കും ഇവിടെ ഉയരവിളക്കും സ്ഥാപിക്കാനായിരുന്നു നീക്കം. ഇതും പൂർത്തിയായിട്ടില്ല.
കെഎസ്ആർടിസി സ്റ്റാൻഡിന്റെ ഭാഗമായിരുന്ന ശൗചാലയം അതിർത്തി നിർണയിച്ച് പുനക്രമീകരിച്ച് നഗരസഭയുടെ സ്ഥലത്താക്കി. ഇതു വൃത്തിയാക്കി പണം കൊടുത്തുപയോഗിക്കുന്ന ശൗചാലയമാക്കി നടത്തിപ്പിന് കരാറും നൽകി. എന്നാൽ ഇതുവരെ തുറന്ന് പ്രവർത്തിക്കാതെ ഉപേക്ഷിച്ച നിലയിലാണ്.
സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വഴികളും മൈതാനവും കോൺക്രീറ്റ് ചെയ്തത് പൊളിഞ്ഞ് തുടങ്ങി.പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തോട് ചേർന്നാണ് കയറാനും ഇറങ്ങാനുമുള്ള വഴി നിർമിക്കാനിരിക്കുന്നത്. 
കെഎസ്ആർടിസി  ഉപയോഗിച്ചിരുന്ന 3.53 ഏക്കറിൽനിന്ന് നഗരസഭ തിരികെയെടുത്ത 12 ഏക്കറും ചന്തയുടെ പടിഞ്ഞാറുഭാഗത്ത് 20 സെന്റും സ്റ്റാൻഡിനും മറ്റ് പുതിയ പദ്ധതികൾക്കുമായി വിനിയോഗിക്കാനാണ് തീരുമാനിച്ചത്.
സ്റ്റാൻഡ് മാറുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും വലിയതോതിൽ ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടൽ. ഇപ്പോൾ സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത് നഗരസഭ ഓഫീസ് കോംപ്ലക്സ് പണിയാനാണ് തീരുമാനം. ഇതിനായി മണ്ണുപരിശോധനയും പൂർത്തിയായിരുന്നു. എന്നാൽ പദ്ധതി തുടങ്ങിയില്ല. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top