21 September Saturday

എംസി റോഡിൽ 
സുരക്ഷ കൂട്ടും

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024
പത്തനംതിട്ട
കെഎസ്ടിപിയുടെ നിയന്ത്രണത്തിലുള്ള അടൂർ – കഴക്കൂട്ടം  പാതയിൽ റോഡ് സുരക്ഷ ശക്തമാക്കാൻ  കൂടുതല്‍ നടപടികള്‍ക്ക്  കെഎസ്ടിപി നാറ്റ്പാക്കിന് പദ്ധതി സമർപ്പിച്ചു. നാറ്റ്പാക്കിന്റെ കൂടി നിർദേശം സ്വീകരിച്ചാകും നവീകരണത്തിന് അന്തിമ രൂപം നൽകുക. അടൂർ മുതൽ തെക്കോട്ട് കഴക്കൂട്ടം വരെയുള്ള പാത നാറ്റ്പാക്കിന്റെ കൂടി നിർദേശത്തോടെയാണ് നിർമിച്ചത്. റോഡ് അറ്റകുറ്റപ്പണിക്ക് കരാർ നൽകിയ കമ്പനിയുടെ  കരാർ കാലാവധി തീരാൻ ഇനി രണ്ടു വർഷം കൂടിയുണ്ട്. 
ഈ മേഖലയിൽ വാഹനാപകടം കൂടുന്നതിന്റെ ഭാ​ഗമായി നിരവധി അപേക്ഷകളും നിർദേശങ്ങളുമാണ് കെഎസ്ടിപി അധികൃതർക്കും ലഭിക്കുന്നത്. റോഡ് നിർമാണം അവസാനിച്ച് അറ്റകുറ്റപ്പണിക്ക് കൊടുക്കുന്നതിന്റെ തുടക്കത്തിലും കരാർ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പുമായാണ് സാധാരണ​ഗതിയിൽ സുരക്ഷാ ഓഡിറ്റ് ഇവിടെ നടക്കാറുള്ളത്. അതുപ്രകാരം അടുത്ത അവർഷം അവസാനത്തോടെ നാറ്റ്പാക്കിന്റെ കൂടി സാന്നിധ്യത്തിൽ സുരക്ഷാ ഓഡിറ്റ് നടക്കും. എന്നാൽ അതിനുമുമ്പ് തന്നെ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കെഎസ്ടിപി നാറ്റ്പാക്കിന് കത്ത് നൽകി. പൊലീസിന്റെയും ആർടിഒയുടെയും ജനങ്ങളുടെയും വിവിധ സംഘടനകളുടെയും അടക്കം നിരവധി അപേക്ഷകളാണ് റോഡ് നിർമാണത്തിലെ അപാകത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്നതെന്ന് കെഎസ്ടിപി അധികൃതർ പറഞ്ഞു. 
ചില പ്രദേശത്ത് കൂടുതൽ സി​ഗ്നലുകൾ സ്ഥാപിക്കണമെന്നും ബ്ലിങ്കറുകൾ വേണമെന്നതടക്കം വിവിധ നിര്‍ദേശങ്ങള്‍ നാറ്റ്പാക്കിന്‌ കെഎസ്ടിപി കൈമാറി. ചില മേഖലഖളിൽ റോഡിലെ വളവ് നിവർത്തുന്നത് സംബന്ധിച്ചും പരിശോധിക്കുന്നു. കെഎസ്ടിപി, നാറ്റ്പാക്ക് ചീഫ് എൻജിനീയർമാർ തലത്തിൽ താമസിയാതെ ഇതുസംബന്ധിച്ച് കൂടിയാലോചന നടത്തും. കൂടുതൽ ഫണ്ടും ഇതിനാവശ്യമാണ്. ഇതിനായി സർക്കാർ തലത്തിലും നടപടിക്കായി അധികൃതരെ സമീപിക്കുമെന്ന് കെഎസ്ടിപി അധികൃതർ പറഞ്ഞു. 
അടൂർ മുതൽ ചെങ്ങന്നൂർ മേഖലയിലും കൂടുതൽ രോഡ് സുരക്ഷാ നടപടിയെടുക്കാനും നിർദേശം കൈമാറിയിട്ടുണ്ട്. ഇവിടെ കെഎസ്ടിപിക്ക് നേരിട്ട് നടപടി സ്വീകരിക്കാനാവും. അറ്റകുറ്റപ്പണി ഇവിടെ കെഎസ്ടിപി നേരിട്ട് തന്നെയാണ് നടത്തുന്നത്. 
ദേശീയപാത നവീകരണം നടക്കുന്നതിനാല്‍ തിരുവനന്തപുരത്തേക്കും അവിടെനിന്ന് വടക്കോട്ടേക്കും പോകുന്ന നിരവധി വാഹനങ്ങള്‍ യാത്ര എംസി റോഡ് വഴിയാക്കിയതിനാല്‍ ഇതുവഴി വാഹന ​ഗതാ​ഗതം കൂടിയിട്ടുമുണ്ട്. വാഹനങ്ങളുടെ അമിതവേ​ഗം കൂടിയാകുമ്പോള്‍ അപകടം കൂടുന്നു. ചില മേഖലകളില്‍ വഴിവിളക്കുകൾ കത്താത്തതും പരിഹരിക്കുമെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top