കീഴ്വായ്പൂര്
അരലക്ഷത്തിലേറെ രൂപ വരുന്ന നിരോധിത പുകയില ഉൽപ്പന്നം പൊലീസ് പിടികൂടി. യുപി സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റില്‍. മല്ലപ്പള്ളി ടൗണ്‍ മാർക്കറ്റ് റോഡിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഗോരഖ്പൂർ മെഹരിപ്പൂർ പോസ്റ്റിൽ രാജേഷ് സോങ്ക (28 )റാണ് വ്യാഴം രാത്രി ഏഴോടെ ആദ്യം പിടിയിലായത്. ഇയാൾ മുറിയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച 52,052 രൂപ വിലവരുന്ന 603 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. രാജേഷ് സോങ്കർ മല്ലപ്പള്ളി ടൗണിൽ പുകയില പാൻമസാല കച്ചവടക്കാരനാണ്.
ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ, ഇവ എത്തിക്കുന്ന ഇടനിലക്കാരന്‍ ആനിക്കാട് വായ്പൂര് ചക്കാലക്കുന്ന് വടക്കടത്ത് വീട്ടിൽ ബിജു ജോസഫ്(47)നെ പിന്നീട് പിടികൂടി. ഉൽപ്പന്നങ്ങൾ കാറിലെത്തിച്ച ചങ്ങനാശേരി സ്വദേശിയും ലഹരി ഉൽപ്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനെന്ന് കരുതുന്ന ചങ്ങനാശേരി അപ്‌സര തിയറ്ററിന് സമീപം പെരുന്ന പുതുപ്പറമ്പിൽ വീട്ടിൽ ഷെമീർ ഖാനും (35) തുടർന്ന് അറസ്റ്റിലായി. രണ്ടും മൂന്നും പ്രതികളാണ് രാജേഷിന് ഉൽപ്പന്നങ്ങൾ എത്തിക്കുന്നത്.
കോഴഞ്ചേരി –- ഇലവുംതിട്ട റോഡിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ ഇലവുംതിട്ടയ്ക്ക് സമീപത്തു നിന്നാണ് ഇയാള്‍ സഞ്ചരിച്ച കാർ തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. വാഹനവും പിടിച്ചെടുത്തു.
ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലാണ് രാജേഷ് സോങ്കറിന്റെ മുറിയിൽ പരിശോധന നടത്തിയത്. ഏഴ് ചാക്കുകളിലായാണ് ഇവിടെ ലഹരി വസ്തുക്കൾ സൂക്ഷിച്ചത്. എസ് ഐ സതീഷ് ശേഖർ, എസ് സി പി ഒ അൻസിം, സി പി ഓമാരായ ഒലിവർ വർഗീസ്, വിഷ്ണുദേവ്, ഉണ്ണികൃഷ്ണൻ, അമൽ, അനസ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..