പത്തനംതിട്ട
വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബർ മൂന്നിന് നടത്തുന്ന ദില്ലി മാർച്ചിന്റെ പ്രചാരണാർഥമുള്ള മേഖലാ പ്രചരണ വാഹനജാഥയ്ക്ക് ജില്ലയിൽ ഉജ്വല സ്വീകരണം. അടൂർ, പത്തനംതിട്ട, കോന്നി, റാന്നി, മല്ലപ്പള്ളി, തിരുവല്ല എന്നീ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരും അധ്യാപകരും ബഹുജനങ്ങളും ചേർന്ന് ജാഥയ്‌ക്ക് സ്വീകരണം നൽകി.
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നിയമം -2020 ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തുന്നത്.
കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ക്യാപ്‌ടനായും കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് വൈസ് ക്യാപ്‌ടനും ആയിട്ടുള്ള ജാഥയാണ് ജില്ലയിൽ പര്യടനം നടത്തിയത്. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം പി വി ഏലിയാമ്മ മാനേജരും എകെജിസിടിഎ സംസ്ഥാന സെക്രട്ടറി ഡോ. വിനു ഭാസ്കർ, കെഎൽഎസ്എസ്എ സംസ്ഥാന സെക്രട്ടറി കെ അജീഷ് കുമാർ എന്നിവർ ജാഥാ അംഗങ്ങളുമാണ്.
അടൂരിൽ സിഐടിയു കേന്ദ്ര കൗൺസിൽ അംഗം ആർ ഉണ്ണികൃഷ്ണപിള്ള അധ്യക്ഷനായി. എൻഎഫ്പിഇ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി തോമസ് അലക്സ് സംസാരിച്ചു. പത്തനംതിട്ടയിൽ സംഘാടകസമിതി ചെയർമാൻ സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് അധ്യക്ഷനായി. എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി കെ ഹരികൃഷ്ണൻ സംസാരിച്ചു. കോന്നിയിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ജ്യോതിഷ് സംസാരിച്ചു.
റാന്നിയിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം പി ആർ പ്രസാദ് അധ്യക്ഷനായി. എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് ബിനു കെ സാം സംസാരിച്ചു. മല്ലപ്പള്ളിയിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ കെ സുകുമാരൻ അധ്യക്ഷനായി. എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി കെ സഞ്ജീവ് സംസാരിച്ചു. തിരുവല്ലയിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ സനൽ കുമാർ അധ്യക്ഷനായി.
സംഘാടകസമിതി കൺവീനർ പി ജി ശ്രീരാജ് സംസാരിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിന് ജാഥാ ക്യാപ്റ്റൻ എം വി ശശിധരൻ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..