26 December Thursday
ദേശാഭിമാനി ലിസ്‌റ്റും വരിസംഖ്യയും ഏറ്റുവാങ്ങി

രാഷ്ട്രീയ ഐക്യം ശക്തിപ്പെടുത്തൽ 
ആവശ്യം: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
തിരുവല്ല 
വർഗീയതയ്ക്കെതിരെ വിശാല രാഷ്ട്രീയ ഐക്യം ശക്തിപ്പെടുത്തുകയാണ് ഇന്നത്തെ ആവശ്യമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. രാജ്യത്ത് വർഗീയത പരത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും ശ്രമം. ഇതിനെ ചെറുത്ത് തോൽപ്പിക്കണം. ഇന്ത്യയെന്ന വിശാലമായ പ്ലാറ്റ്ഫോമിനെ ശക്തിപ്പെടുത്തുന്നതിനുപകരം അതിനെ ദുർബലമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ വലതുപക്ഷ ആശയ പ്രചാരണത്തെ ചെറുക്കാനും  സാധിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. 
സിപിഐ എം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സെക്രട്ടറിയറ്റംഗം പി ആർ പ്രസാദ്, ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി, മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ്, ഇരവിപേരൂർ ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. പീലിപ്പോസ്‌ തോമസ്‌ എന്നിവർ പങ്കെടുത്തു. 
തിരുവല്ല, മല്ലപ്പള്ളി, ഇരവിപേരൂർ ഏരിയകളിൽ നിന്ന് ചേർത്ത ദേശാഭിമാനി പത്രത്തിന്റെ മൂന്നാംഘട്ട ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങി. പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ ഇ പി ജയരാജൻ സിപിഐ എം ഏരിയ സെക്രട്ടറിമാരിൽനിന്ന്‌ ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങി. അടൂർ, കോന്നി, കൊടുമൺ, റാന്നി, പത്തനംതിട്ട, പെരുനാട്, കോഴഞ്ചേരി, പന്തളം ഏരിയകളിൽനിന്നുള്ള വരിസംഖ്യയാണ്‌ ഏറ്റുവാങ്ങിയത്‌. 
യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയറ്റംഗം പി ആർ പ്രസാദ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top