23 December Monday

ഞങ്ങൾക്ക്‌ നിലപാടുണ്ട്‌...

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

 അടൂർ

ശാത്രോന്മുഖതയെ അടിസ്ഥാനമാക്കി പാർലമെന്റിനെ പ്രകമ്പനം കൊള്ളിക്കുന്ന വാഗ്വാദങ്ങളുമായി വിദ്യാർഥികൾ. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ശാസ്‌ത്ര പാർലമെന്റിൽ വിദ്യാർഥികൾ പരസ്‌പരം വാദമുയർത്തി. സ്‌പീക്കറും പ്രധാനമന്ത്രിയും ഭരണപക്ഷാംഗങ്ങളും പ്രതിപക്ഷാംഗങ്ങളും അടങ്ങുന്ന പാർലമെന്റിന്‌ സമാനമായിരുന്നു വിദ്യാർഥി പാർലമെന്റും. ഭരണ, പ്രതിപക്ഷ അംഗങ്ങൾ അവരവരുടെ നിലപാടുകൾ പാർലമെന്റിൽ അവതരിപ്പിച്ചു. പ്രമാടം നേതാജി ഹയർസെക്കൻഡറി സ്‌കൂളിലെ അഭിഷേക്‌ പി നായർ സ്‌പീക്കറും അടൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ആർ അനഘ പ്രധാനമന്ത്രിയുമായാണ്‌ പാർലമെന്റ്‌ നടപടികൾ മുന്നേറിയത്‌. ശാസ്‌ത്രോന്മുഖ ജീവിതവും പതിവുകളുടെ സത്യപരിശോധനയും എന്ന വിഷയത്തിൽ ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജ്‌ ശാസ്‌ത്രാധ്യാപകൻ ഡോ. പ്രിൻസൺ പി സാമുവൽ പ്രമേയം അവതരിപ്പിച്ചു.
വിദ്യാർഥികൾ പരസ്‌പരം ചർച്ചകളിലൂടെ ഏറ്റുമുട്ടി. ഹോമിയോപ്പതി, വിശ്വാസം തുടങ്ങിയവയുടെ ശാസ്‌ത്രീയ അടിത്തറ ചർച്ച ചെയ്‌തു. വിശ്വാസത്തിനും അന്ധവിശ്വാസത്തിനും ഇടയിലുള്ള അതിർവരമ്പ്‌ നേർത്തതാണെന്ന വാദം പ്രതിപക്ഷം ഉയർത്തി. മതങ്ങൾ മനുഷ്യർക്ക്‌ നൽകുന്നത്‌ താൽക്കാലിക സന്തോഷം മാത്രമാണെന്ന ഭരണപക്ഷത്തിന്റെ വാദത്തെ പ്രതിപക്ഷം സ്വാഗതം ചെയ്‌തു. വിശ്വാസത്തിന്‌ പിന്നിലല്ല ശാസ്‌ത്രീയ നേട്ടങ്ങൾ നേടിയെടുത്തതെന്ന ചർച്ചയും ഉയർന്നു. ശാസ്‌ത്രീയത പിന്തുടരാത്ത എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണെന്ന വാദം പാർലമെന്റ്‌ ഐകകണ്‌ഠേന അംഗീകരിച്ചു.
മതധാർമികത അല്ല, ജനാധിപത്യ ധാർമികതയാണ്‌ ഈ സമൂഹം പിന്തുടരേണ്ടതെന്ന ചിന്തയും പാർലമെന്റ്‌ മുന്നോട്ടുവച്ചു. പാർലമെന്റ്‌ നടപടികളോട്‌ സമാനമായ പരിപാടി കുട്ടികളിൽ ഏറെ ആകാംക്ഷ ഉയർത്തി. സ്‌കൂളുകളിലും സമാന പാർലമെന്റുകൾ ചേർന്ന്‌ പൊതുവിഷയങ്ങൾ ചർച്ചചെയ്യണമെന്ന്‌ കാഴ്‌ചക്കാരായ രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top