കോയിപ്രം
സ്റ്റാർട്ട് അപ്പ് വില്ലേജ് സംരംഭകത്വത്തിന്റെയും ബിആർസിയുടെയും(ബ്ലോക്ക് റിസോഴ്സ് സെന്റര്‍) പ്രവര്‍ത്തനത്തിന് കോയിപ്രത്ത് തുടക്കമായി. ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പാരിഷ്ഹാളിൽ നടന്ന യോഗം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു അധ്യക്ഷനായി. സംരംഭകരുടെ വിപണനമേളയും ഇതോടനുബന്ധിച്ച് നടക്കുന്നു.
കുടുംബശ്രീ മുഖേന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേര്‍ന്ന് തെരഞ്ഞെടുത്ത ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് കോയിപ്രം ബ്ലോക്കിൽ തുടക്കമായത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.
പുതിയ തൊഴിൽ സംരംഭങ്ങൾ നടപ്പാക്കാനും നിലവിലെ സംരംഭങ്ങൾക്കാവശ്യമായ സഹായം നൽകാനും വൈദഗ്‌ധ്യ പരിശീലനം നൽകാനും ബിആര്‍സി പ്രവര്‍ത്തനം സഹായിക്കും. ജില്ലയില്‍ പുളിക്കീഴിലും പറക്കോടുമാണ് നിലവില്‍ തുടങ്ങിയിട്ടുള്ളത്.
കോയിപ്രം ബ്ലോക്കിൽ 350 സംരംഭകര്‍ക്ക് സഹായം ലഭ്യമാക്കി. വൈദഗ്‌ധ്യ പരിശീലനവും സെമിനാറും ഇതോടനുബന്ധിച്ച് നടക്കുന്നു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മേള.
കുടുംബശ്രീ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എസ് ആദില പദ്ധതി വിശദീകരിച്ചു. കെ ബിന്ദു രേഖ, കെ കെ വത്സല, ശശിധരൻപിള്ള, വിനീത് കുമാർ, സി എസ് ബിനോയ്, എം ബി ഓമനകുമാരി എന്നിവര്‍ സംസാരിച്ചു. ബിആര്‍സി താക്കോല്‍ ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻപിള്ള കൈമാറി. ചെറുകിട സംരംഭ സാധ്യതകളെക്കുറിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം എസ് അനീഷ് കുമാർ ക്ലാസെടുത്തു. കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..