22 December Sunday

ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച്‌ ഡ്രൈവർക്ക് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024
തിരുവല്ല
റീൽസ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. മുത്തൂർ മനയ്‌ക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിനുസമീപം കൗമാരക്കാരായ നാലുപേർ നടത്തിയ റീൽസ് ചിത്രീകരണത്തിനിടെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. കിഴക്കൻ മുത്തൂർ സ്റ്റാൻഡിലെ
ഓട്ടോ ഡ്രൈവറായ തിരുവല്ല കിഴക്കൻ മുത്തൂർ നാലുവേലിൽ വീട്ടിൽ സണ്ണിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥൻ നമ്പൂതിരി (19), ബൈക്ക് ഉടമയും ജഗന്നാഥൻ നമ്പൂതിരിയുടെ സുഹൃത്തുമായ കല്ലൂപ്പാറ സ്വദേശി കെ ആർ രാഹുൽ (19) എന്നിവരെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ച് തിരുവല്ല പൊലീസിന് കൈമാറി. അപകടം നടന്നയുടൻ സംഘാംഗങ്ങളായ രണ്ടുപേർ ബൈക്കിൽ രക്ഷപെട്ടു. നേർ ദിശയിലുള്ള റോഡിലൂടെ പാഞ്ഞുവന്ന ബൈക്ക് ഓട്ടോറിക്ഷയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിലാണ് സണ്ണിക്ക് പരിക്കേറ്റത്. 
സണ്ണി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിന് കാരണമായ ബൈക്ക് പൂർണമായും തകർന്നു. ഒരു വർഷം മുമ്പാണ് റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമിച്ചത്. ഇതിനു ശേഷം രാപകൽ വ്യത്യാസമില്ലാതെ വിവിധയിടങ്ങളിൽനിന്ന്‌ റീൽസ് എടുക്കാൻ ചെറുപ്പക്കാർ അടങ്ങുന്ന സംഘം എത്താറുണ്ട്‌. 
കാൽനട യാത്രക്കാർക്കടക്കം ഇക്കൂട്ടർ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ചൊവ്വാഴ്ചയുണ്ടായ അപകടത്തെ തുടർന്ന് ഈ റോഡിൽ റീൽസ് നടത്തുന്നവരെ കൈകാര്യം ചെയ്യുമെന്ന് കാട്ടി കിഴക്കൻ മുത്തൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ നാട്ടുകടവ് പാലത്തിന് സമീപം ബാനറും സ്ഥാപിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top