05 December Thursday
തൊഴില്‍ മേള

ജനുവരിയോടെ 10,000 പേർക്ക് 
തൊഴിൽ : മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 21, 2021

തിരുവല്ല മാർത്തോമ്മ കോളജിൽ തൊഴിൽമേള ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല
സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ 20 ലക്ഷം പേർക്കും 2022 ജനുവരിയോടെ ചുരുങ്ങിയത് 10,000 പേർക്കും തൊഴിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവല്ല മാർത്തോമ്മ കോളേജിൽ തൊഴില്‍ മേള ജില്ലാതലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള സർക്കാരിന്റെ ഡവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക്ക് കൗൺസിൽ നേതൃത്വത്തിൽ വൈജ്ഞാനിക സാമ്പത്തിക മിഷൻ പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിലുറപ്പാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിക്കാണ് തുടക്കമായത്.  
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്‍ ബോധപൂർവമായ ഇടപെടലുകളാണ് നടത്തുന്നത്.    മേളയില്‍ പരിഗണിക്കപ്പെടാത്തവർക്ക് തൊഴിൽ ദാതാക്കളിൽനിന്ന് ആവശ്യം സ്വീകരിച്ച് അനുയോജ്യമായ പരിശീലനം നൽകി  യുവജനങ്ങളെ തൊഴിലിന് പ്രാപ്തരാക്കും. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് അവരുടെ വിദ്യാഭ്യാസത്തിനും അഭിരുചിക്കുമനുസരിച്ച്‌ തൊഴിൽ കണ്ടെത്തി നൽകാൻ സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.
നൂറോളം കമ്പനികളാണ് ഓൺലൈനായും- ഓഫ്‌ലൈനായും മേളയില്‍ പങ്കെടുത്തത്. വിവിധ മേഖലകളിലെ ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രമുഖ കമ്പനികളായ ടിസിഎസ്, ഐബിഎസ്, യുഎസ്ടി ഗ്ലോബൽ, ടാറ്റാ, ലെക്‌സി, നിസാൻ, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി, ക്വസ് കോർപ്പ്, ഐസിഐസിഐ, എസ്എഫ്ഒ, ടൂൺസ് തുടങ്ങിയ കമ്പനികൾ മേളയിൽ പങ്കെടുത്തു. 
അഡ്വ. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷനായി. കലക്ടർ ദിവ്യ എസ് അയ്യർ, തിരുവല്ല നഗരസഭാ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, ജില്ലാ പ്ലാനിങ് ഓഫീസര്‍ സാബു സി മാത്യു, മാർത്തോമ കോളജ് പ്രിൻസിപ്പൽ ഡോ. വര്‍ഗീസ് മാത്യു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എൻ  അനിൽ കുമാർ, വാർഡ് കൗൺസിലർ ഡോ. രജിനോൾഡ് വര്‍ഗീസ്, ജില്ലാ സ്‌കിൽ കമ്മിറ്റി കൺവീനർ പി സനൽ കുമാർ, ജില്ലാ ഇന്നോവേഷൻ കൗൺസിലംഗം റെയിസൻ സാം രാജു,  ജോബ് ഫെയർ കൺവീനർ ഡോ. രഞ്ജിത്ത് ജോസഫ് ജോബ്  തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top