05 December Thursday

സ്നേഹമധുരമായി 
അവര്‍ ഒത്തുകൂടി

വെബ് ഡെസ്‌ക്‌Updated: Monday Aug 22, 2022

പത്തനംതിട്ടയിൽ അവയവദാതാക്കളുടെയും അവയവം സ്വീകരിച്ചവരുടെയും കൂടിച്ചേരലായ സ്നേഹസ്പർശം പരിപാടി ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട
വേദനകളും പ്രതീക്ഷകളും പങ്കുവച്ച് അവർ ഒത്തുചേർന്നു. തങ്ങളുടെ ഹൃദയത്തിന്റെയും കരളിന്റെയും ഭാ​ഗമായവർ വേർപ്പെട്ടപ്പോഴും സമൂഹത്തിന് മഹത്തായ സന്ദേശം നൽകിയവരെ സദസ്സ് ഒന്നാകെ ആദരിച്ചു. ലിവർ ഫൗണ്ടേഷൻ ഓഫ്കേരളയുടെ നേതൃത്വത്തിൽ നടന്ന സ്നേഹസ്പർശം അവയവദാനത്തിന്റെ മഹത്തായ സന്ദേശം നൽകുന്നതായി. 
സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും എത്തിയവരായിരുന്നു അവർ. പലർക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവം സ്വീകരിച്ചവരെ കാണുന്നതിന് വർഷങ്ങൾക്ക് ശേഷവും  സാധിച്ചിട്ടില്ല. അതിന് അവസരമൊരുക്കിത്തരണമെന്നായിരുന്നു ആരോ​ഗ്യമന്ത്രിയുടെ മുന്നിൽ അവർ അപേക്ഷിച്ചത്. അവയവം ഏറ്റുവാങ്ങിയവരുടെ സ്വകാര്യത മാനിച്ച്  തന്നെ സർക്കാർ തലത്തിൽ അത്തരത്തിലൊരു സം​ഗമത്തിന് താമസിയാതെ മുൻകൈയെടുക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 
 അപകടം നേരിട്ടോ മറ്റ് രോ​ഗ കാരണമോ ജീവനും മരണത്തിനുമിടയലാകുന്ന നിർണായക നിമിഷങ്ങളിൽ തീരുമാനം  എടുക്കാൻ  നേരിട്ട  പ്രയാസങ്ങൾ ദാതാക്കളുടെ കുടുംബാം​ഗങ്ങൾ ചടങ്ങിൽ വിവരിച്ചത് ഹൃദയസ്പൃക്കായി. അവയവദാനത്തിന്  മതത്തിന്റെയും മറ്റും പേരിൽ ഇന്നും നിലനിൽക്കുന്ന തെറ്റിദ്ധാരണകൾക്ക് അടിസ്ഥാനമില്ലെന്ന് ഏവരെയും ബോധവൽക്കരിക്കാനും കൂടി ഉദ്ദേശിച്ചാണ് ലിവർ ഫൗണ്ടേഷൻ  ഇത്തരം കൂട്ടായ്മ സംഘടിപ്പിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top