ചിറ്റാർ
50 ഏക്കർ വിസ്തൃതിയിൽ പൊന്നു വിളഞ്ഞിരുന്ന ഭൂമി. ഏറെ സന്തോഷത്തോടെ ഇവിടെ കഴിഞ്ഞിരുന്ന 11 കർഷക കുടുംബങ്ങൾ. എല്ലാം ഉപേക്ഷിച്ച് അവരിപ്പോൾ മലയിറങ്ങി വേറെ വാസസ്ഥലങ്ങളിലേക്ക് മാറി. വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്നാണ് എല്ലാവരും ഇവിടെ നിന്ന് പലായനം ചെയ്തത്.
ഇത് പൂവണ്ണുംപതാൽ. ചിറ്റാർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട പ്രദേശം. വയ്യാറ്റുപുഴ ജങ്‌ഷനിൽനിന്നും കഷ്ടിച്ച് ഒന്നേമുക്കാൽ കിലോമീറ്റർ പിന്നിട്ടാൽ ഇവിടെത്താം. രാത്രികാലങ്ങളിൽ ഭയാനകമായ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുന്ന വീട്ടുകാർ തങ്ങളുടെ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുന്ന ആനക്കൂട്ടങ്ങളെയാണ് കണ്ടിരുന്നത്. കൃഷിയിടം നശിപ്പിച്ചതിനു പിന്നാലെ വീടുകൾക്ക് നേരെയായി ആക്രമണം.
ഈ പ്രദേശത്ത് ഒറ്റ വീടു പോലും അവശേഷിപ്പിക്കാതെ ആനകൾ തകർത്തു കഴിഞ്ഞിരിക്കുന്നു. തടത്തിൽ വീട്ടിൽ ശ്രീജു, രാജൻ ഓലിയ്ക്കൽ, സുകുമാരൻ മടപ്പാറ, ഭാസ്‌കരൻ കുറ്റിവേലിൽ, ശ്രീധരൻ എടക്കര, മോഹനൻ എടക്കര, സജി മാമ്പാറ, കൊച്ചുകുട്ടി, പ്രദീപ് കരവേലിൽ, നെടുന്താനത്ത് ഗോപിപിള്ള, കുറ്റിവേലിൽ അപ്പച്ചൻ എന്നിവരായിരുന്നു ഇവിടുത്തെ താമസക്കാർ.
നാലു വർഷമായി ഇവരെല്ലാവരും സ്ഥലം ഉപേക്ഷിച്ച് പോയിട്ട്. വാടക വീടുകളിലും മറ്റും കഴിയുന്ന ഇവർക്ക് തിരികെ പൂവണ്ണുംപതാലിലേക്ക് പോകണമെന്നുണ്ട്. റാന്നി വനം ഡിവിഷനു കീഴിൽ വടശ്ശേരിക്കര റേഞ്ചിൽ തണ്ണിത്തോട് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശമാണിവിടം. വനാതിർത്തിയിൽ കിടങ്ങ് തീർത്തും
സൗരോർജവേലി സ്ഥാപിച്ചും പ്രദേശവാസികൾക്ക് സുരക്ഷയൊരുക്കാം എന്ന പതിവു പല്ലവിയല്ലാതെ ഒരു നടപടിയും വനംവകുപ്പ് ഒരുക്കിയിട്ടില്ല. റബറും കുരുമുളകും കമുകും വാഴയും കപ്പയും ചേമ്പും ചേനയും നൂറു മേനി വിളവു നല്കിയിരുന്ന പ്രദേശത്ത് ഇപ്പോൾ റബർ മാത്രം അവശേഷിച്ചിരിക്കുന്നു.
ടാപ്പിങ്ങിന് പ്രദേശവാസികൾ പോകുന്നത് കൈയിൽ ഓലപ്പടക്കം കരുതിയാണ്. ഇടയ്ക്കിടെ അത് പൊട്ടിച്ച് ജീവൻ സംരക്ഷിച്ച് അന്നത്തിന് വക തേടുന്ന ഇവരെ സംരക്ഷിക്കാനും നഷ്ടപ്പെട്ട വാസസ്ഥലത്ത് ഭീതി കൂടാതെ ജീവിക്കാനും വനം വകുപ്പ് പദ്ധതി ഒരുക്കുക തന്നെ വേണം.
ഇതേ അവസ്ഥയാണ് സീതത്തോട്, ഗുരുനാഥൻ മണ്ണ്, ആങ്ങമൂഴി, പമ്പാവാലി, തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിലെ കർഷകരും അഭിമുഖീകരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..