26 December Thursday

റീസര്‍വേ വേ​ഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
പത്തനംതിട്ട
ഡിജിറ്റൽ റീസർവേ ജില്ലയിൽ കൂടുതൽ വില്ലേജുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഓമല്ലൂര്‍  വില്ലേജിലാണ് കഴിഞ്ഞ നവംബർ ഒന്നിന് തുടക്കമായത്. ആദ്യഘട്ടത്തിൽ 12 വില്ലേജുകളിലാണ് നിശ്ചയിച്ചത് . പത്തനംതിട്ട വില്ലേജ് കൂടി ഉൾപ്പെടുത്തി ആദ്യഘട്ടത്തില്‍ 13 വില്ലേജുകളില്‍  റീസർവേ നടക്കും. വള്ളിക്കോട് വില്ലേജിൽ അടുത്ത മാസം ആരംഭിക്കും . അതോടൊപ്പം പ്രമാടം, അത്തിക്കയം, കോഴഞ്ചേരി വില്ലേജുകളിലും സർവേയ്ക്കുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമാകും.
ചേത്തയ്ക്കൽ, പഴവങ്ങാടി വില്ലേജുകളിലും തണ്ണിത്തോട്, കോന്നി താഴം, മൈലപ്ര, ചെന്നീർക്കര,  ഇലന്തൂർ, കോഴഞ്ചേരി, വില്ലേജുകളിലും നടപടി പുരോഗമിക്കുന്നു. 
ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. ആർടികെ (റിയല്‍ ടൈം കൈനമാറ്റിക്) , ആർടിഎസ്   സംവിധാനങ്ങൾ ഉപയോഗിച്ചാണ് സർവേ പുരോഗമിക്കുന്നത്.  ആറ് മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രതികൂല കാലാവസ്ഥ കാരണം നെറ്റ് സംവിധാനം തടസ്സപ്പെട്ടാൽ ഉപയോഗിക്കാനാണ് ആർടിഎസ് (റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍ ) സംവിധാനം.  വളരെ വേ​ഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും കൂടുതല്‍ കൃത്യത ഉറപ്പുവരുത്താനും ഇതുമൂലം സാധിക്കും. അധിക ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുമുണ്ട്. 75 സര്‍വേയർമാരേയും 98 ഹെൽപ്പർമാരേയും നിയമിച്ചു. കൂടാതെ 49 വകുപ്പ് ജീവനക്കാരും ജോലി ചെയ്യുന്നു.  
കേരളത്തിന്റെ മുഴുവന്‍ ഭൂമിയും ഡിജിറ്റല്‍ റീസര്‍വേയിലൂടെ അളന്ന് തിട്ടപ്പെടുത്താനാണ് പരിപാടി. നവകേരള നിര്‍മിതിയില്‍  ഇത് ഡിജിറ്റല്‍ വിപ്ലവം ആയിരിക്കും. നാല് വര്‍ഷം കൊണ്ട് കൈവശത്തിന്റെയും ഉടമസ്ഥതയുടേയും അടിസ്ഥാനത്തില്‍  ഭൂമി  ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കി  സമഗ്ര ഭൂരേഖ തയ്യാറാക്കും.  ഇത് കൂടാതെ പത്ത് ശതമാനം വരുന്ന തുറസ്സായ പ്രദേശങ്ങളില്‍ ഡ്രോണ്‍ അടക്കമുള്ള സാങ്കേതിക വിദ്യകളും ഉപയോഗിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top