കോന്നി
സർക്കാർ ഇടപ്പെട്ടതോടെ വനംവകുപ്പിന്റെ പിടിവാശി അയഞ്ഞു. ബാംബു കോർപ്പറേഷന്റെ ഈറ്റവെട്ടിന് അനുമതിയായി. വർക്കിങ് പ്ലാനിന്റെ കാലാവധി അവസാനിച്ചതോടെയാണ് ബാംബു കോർപ്പറേഷന്റെ ഈറ്റ ഡിപ്പോകൾ കാലിയായത്. വനം വകുപ്പ് തയ്യാറാക്കുന്ന വർക്കിങ് പ്ലാൻ അനുസരിച്ചാണ് ബാംബു കോർപ്പറേഷൻ വിവിധ വനം റേഞ്ചുകളിൽ നിന്നും ഈറ്റകൾ ശേഖരിക്കുന്നത്. 2024 ഏപ്രിലിൽ അഞ്ച് വർഷത്തെ കാലാവധി അവസാനിച്ചതോടെയാണ് മാസങ്ങളായി ഈറ്റ ശേഖരണം നിലയ്ക്കാൻ കാരണം.
പത്തനംതിട്ട, റാന്നി ഡിവിഷനിലെ വർക്കിങ് പ്ലാനിന്റെ കാലാവധി രണ്ട് വർഷത്തേക്കു കൂടി നീട്ടിയാണ് പ്രശനം പരിഹരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈറ്റവെട്ട് ഉടൻ ആരംഭിക്കും. ഇതോടെ പത്തനംതിട്ട ഡിവിഷന്റെ കീഴിലുള്ള ഡിപ്പോകളിൽ വൈകാതെ ഈറ്റ എത്തിത്തുടങ്ങും. ബാംബു കോർപ്പറേഷന്റെ ജില്ലയിലെ ഡിപ്പോകൾ ഈറ്റയെത്താത്തതിനെ തുടർന്ന് മാസങ്ങളായി പ്രവർത്തിച്ചിരുന്നില്ല. ഇത് മൂലം ഇവിടുത്തെ ദിവസ വേതന തൊഴിലാളികളും മറ്റ് ജോലികൾ തേടി പോയിരുന്നു. ഇത് സംബന്ധിച്ച് ദേശാഭിമാനി വാർത്ത നൽകിയിരുന്നു.
കോർപ്പറേഷന്റെ പത്തനംതിട്ട ഡിവിഷൻ ചുമതലയിൽ ചന്ദനപ്പള്ളി (പൂങ്കാവ്), തോലൂഴം, ശാസ്താംകോട്ട, താമരക്കുളം എന്നീ നാല് ഈറ്റഡിപ്പോകളാണ് പ്രവർത്തിക്കുന്നത്. ലാഭകരമായി പ്രവർത്തിച്ചിരുന്ന ഈ ഡിപ്പോകളിൽ കഴിഞ്ഞ അഞ്ച് മാസങ്ങളായി ഈറ്റ എത്തുന്നില്ല. വനങ്ങളിൽ നിന്നും ഈറ്റ മുറിക്കുന്നവർ, ഇവയുടെ കയറ്റിറക്ക് തുടങ്ങിയ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കും പണിയില്ലാതായി. വെറ്റില കർഷകർ, കുട്ട, പരമ്പ്, വിട്ട, കൂടനെയ്ത്തുകാർ, കരകൗശല നിർമാതാക്കൾ എന്നിവരും ദുരിതത്തിലായി.
ചന്ദനപ്പള്ളി (പൂങ്കാവ്) ഡിപ്പോ ജില്ലയിലെ എ ക്ലാസ് ഡിപ്പോയാണ്. മാസങ്ങളായി ഈറ്റ എത്താതായതോടെ ജീവനക്കാരും കർഷകരും പരമ്പരാഗത തൊഴിലാളികളും ദുരിതത്തിലായി. മുന്തിയ ഇനം ഈറ്റയാണ് പൂങ്കാവിൽ ലഭിച്ചിരുന്നത്.ജില്ലയ്ക്ക് പുറത്ത് നിന്ന് വരെ ആളുകൾ ഇവിടെ എത്തി ഈറ്റ ശേഖരിച്ചിരുന്നു. പൂങ്കാവിലെ ചന്ത ദിവസമായ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഈറ്റവ്യാപാരം നടന്നിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..