പന്തളം
അച്ചൻകോവിലാറ്റിലെ പന്തളം വലിയകോയിക്കൽ കടവിലെ കുത്തൊഴുക്കിൽ അപകടമൊഴിവാക്കാൻ തീർഥാടകർ കുളിക്കാനിറങ്ങുന്ന ഭാഗത്ത് താൽക്കാലിക സുരക്ഷാവേലി കെട്ടി. ആറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ തടയണയിൽ വേലി കെട്ടാൻ കഴിയാതെ വന്നതോടെയാണ് കുളിക്കാനിറങ്ങുന്ന ഭാഗത്ത് സുരക്ഷയൊരുക്കിയത്.
കുളിക്കാനുള്ള സൗകര്യത്തിന് ഇവിടെ അച്ചൻകോവിലാർ മാത്രമുള്ളതിനാൽ ഇവിടെയെത്തുന്ന തീർഥാടകരിൽ നല്ലൊരു ശതമാനവും ആറ്റിലെ കടവുകളിലാണ് കുളിക്കുന്നത്. ക്ഷേത്രത്തിന് സമീപത്തെ രണ്ട് കുളിക്കടവുകളാണ് തീർഥാടകർ കൂടുതലുപയോഗിക്കുന്നത്. ഇറങ്ങുന്ന സ്ഥലത്ത് ശക്തമായ ഒഴുക്കുണ്ട്. ജലനിരപ്പ് താഴുമ്പോൾ മാത്രമേ ക്ഷേത്രക്കടവിൽ നദിക്കു കുറുകെ സുരക്ഷാവേലി കെട്ടാനാവൂ.
കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ ക്ഷേത്രക്കടവുകളും ആളുകൾ ഉപയോഗിക്കുന്നുണ്ട്.
ഇവിടെയും ജലസേചന വകുപ്പ് സുരക്ഷാവേലി കെട്ടിയിട്ടുണ്ടെങ്കിലും വലിയ പാലത്തിനും കൈപ്പുഴ ക്ഷേത്രക്കടവിനും ഇടയിലുള്ള കടവുകളിലെ ചെളി കുളനട പഞ്ചായത്ത് നീക്കിയിട്ടില്ലെന്ന പരാതിയുണ്ട്. അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും പൊലീസും ഇവിടെ കാവലുണ്ട്. ഡിങ്കി ബോട്ടും കരുതിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..