മല്ലപ്പള്ളി
ആനിക്കാട് പിടന്നപ്ലാവിൽ ചായക്കടയിലുണ്ടായ സ്‌ഫോടനത്തിൽ ആറുപേർക്ക് പരിക്ക്. പുന്നവേലിയിൽ പുളിപ്ലാമാക്കൽ പി എം ബഷീറിന്റെ ചായക്കടയിലാണ് ചൊവ്വാഴ്ച രാവിലെ ഒൻപതോടെ സ്ഫോടനം ഉണ്ടായത്. കടയിൽ ചായ കുടിക്കാനെത്തിയ വേലൂർ വീട്ടിൽ സണ്ണി ചാക്കോയുടെ കൈയിൽ സൂക്ഷിച്ചിരുന്ന പാറ പൊട്ടിക്കാനുപയോഗിക്കുന്ന സ്ഫോടകവസ്തു അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. കൈപ്പത്തി അറ്റുപോയ സണ്ണിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാറ പൊട്ടിക്കുന്ന ജോലി ചെയ്യുന്ന ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ സമാനമായ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ എലിമുള്ളിൽ വീട്ടിൽ ബേബി കുട്ടിയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരിക്കേറ്റ കടയുടമ പി എം ബഷീർ, ഇടത്തറവീട്ടിൽ കുഞ്ഞിബ്രാഹിം, നീലമ്പാറ വീട്ടിൽ രാജശേഖരൻ, മാക്കൽ വീട്ടിൽ ജോൺ ജോസഫ് എന്നിവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഗ്രശബ്ദത്തോടെ നടന്ന സ്‌ഫോടനം നാടിനെ ആശങ്കയിലാഴ്‌ത്തി.
തിരുവല്ല ഡിവൈഎസ് പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പത്തനംതിട്ടയിൽ നിന്നുള്ള ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..