കോന്നി
മാധ്യമങ്ങൾ മുതലാളിമാർക്കു വേണ്ടി കങ്കാണിമാരുടെ പണിയെടുക്കുകയാണെന്ന് മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോന്നി ചന്തമൈതാനിയിൽ നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതോടെ കോർപ്പറേറ്റ് മുതലാളിമാർ മാധ്യമങ്ങളെ കോടിക്കണക്കിന് രൂപ മുടക്കി വിലയ്ക്ക് വാങ്ങി ഭരണവർഗ രാഷ്ടീയത്തിനു വേണ്ടി രാഷ്‌ട്രീയ പ്രചാരണം നടത്തുകയാണ്. ഇന്ത്യയിലെ പ്രമുഖ ചാനലുകളെല്ലാം അദാനി, അംബാനിമാർ വാങ്ങി കൂട്ടി വർഗീയ രാഷ്ടീയത്തിന്റെ ഇച്‌ഛയ്ക്കനുസൃതമായി രാഷ്ടീയ പ്രവർത്തനം നടത്തുകയാണ്. ഇതുവഴി കോർപ്പറേറ്റുകൾ ഭരണ സാരഥ്യത്തിലേക്ക് കടന്നു കയറുന്ന ആപത്‌കരമായ സ്ഥിതിയാണുള്ളത്.
യാഥാർഥ്യങ്ങൾ മറച്ചുവച്ച് മുതലാളിമാരുടെ താൽപ്പര്യത്തിനനുസൃതമായി മാധ്യമങ്ങൾ രാഷ്ട്രീയക്കാരുടെ പണിയെടുക്കുന്നു.
മാധ്യമങ്ങളുടെ പ്രധാന സ്ഥാനങ്ങളിൽ പിന്നാക്ക വിഭാഗക്കാരുടെ അഭാവം കാണാനാവും. വയനാട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരളത്തിലെ മാധ്യമങ്ങൾ മഴവിൽ സഖ്യത്തിനു വേണ്ടിയാണ് പണിയെടുക്കുന്നതെന്നും നികേഷ് കൂട്ടിച്ചേർത്തു.
ദേശാഭിമാനി മുൻ ചീഫ് സബ് എഡിറ്റർ സണ്ണി മാർക്കോസ് മോഡറേറ്ററായി. കേരളകൗമുദി സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ, റിപ്പോർട്ടർ ടിവി ലീഗൽ കറസ്പോണ്ടന്റ് ശ്യാംദേവരാജ് എന്നിവർ വിഷയാവതരണം നടത്തി. ബഹുഭാഷാ നാട്ടുസംഗീത കലാകാരൻ അഡ്വ. സുരേഷ് സോമ നാടൻ പാട്ടുകളുമായി സെമിനാർ വേദിയിൽ അരങ്ങുണർത്തി.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് കൈപ്പട്ടൂർ തങ്കച്ചൻ, സെമിനാർ കമ്മിറ്റി ചെയർമാൻ ആർ ഗോവിന്ദ്, കൺവീനർ ജിജോ മോഡി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..