22 November Friday

ജോസിന്റെയൊരു ‘ഐഡിയ’

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024
അടൂർ
വീട്ടുകാരെ കബളിപ്പിക്കാൻ യുവാവ് കിണറ്റിൽ ചാടിയതായി അഭിനയിച്ചു. പണി കിട്ടിയത് അഗ്നിരക്ഷാസേനയ്ക്ക്. ഞായർ  രാത്രി പത്തോടെ വീട്ടിൽ വഴക്കിട്ട കൊടുമൺ ചിരണിക്കൽ പ്ലാന്തോട്ടത്തിൽ ജോസാ ണ് (41) വീട്ടുകാരെ കബളിപ്പിച്ചത്. കിണറ്റിൽ വലിയ കല്ല് എടുത്തിട്ട് ശബ്ദം കേൾപ്പിച്ച ശേഷം  സമീപത്തെ  ആൾതാമസമില്ലാത്ത വീട്ടിൽ പോയി ഉറങ്ങിയാണ് ജോസ്‌ വീട്ടുകാർക്കും അഗ്നിരക്ഷാസേനയ്ക്കും പണി കൊടുത്തത്. 
കല്ല് വീണ ശബ്ദം കേട്ട വീട്ടുകാർ ഇയാൾ കിണറ്റിൽ ചാടിയതായി സംശയിച്ച് അഗ്നിരക്ഷാസേനയുടെ സഹായം തേടി. സേനയെത്തി ഏകദേശം 80 അടി താഴ്ചയുള്ള കിണറ്റിൽ പാതാളക്കരണ്ടി  ഉപയോഗിച്ച് പരിശോധന നടത്തി. നാട്ടുകാരായ രണ്ടുപേരോടൊപ്പം  കിണറ്റിൽ മുങ്ങി പരിശോധിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. 
ഇതോടെ തെരച്ചിൽ മതിയാക്കി സേന തിരിച്ചു പോയി. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു എന്നാണ് വീട്ടുകാർ പറയുന്നത്. രാത്രി പത്തോടെ വീട്ടിൽ വഴക്കുണ്ടായിരുന്നു.  തുടർന്നാണ് ജോസിനെ കാണാതായതും  കിണറ്റിൽ വീണ ശബ്ദം കേട്ടതും.  
കിണറ്റിൽ ചാടിയെന്ന് വീട്ടുകാരെ തെറ്റിധരിപ്പിച്ച ശേഷം തൊട്ടടുത്ത ആളൊഴിഞ്ഞ വീട്ടിൽ കിടന്നുറങ്ങിയ ജോസ്  രാവിലെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. അടൂർ അഗ്‌നിരക്ഷാസേനാ  സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ  ഓഫീസർമാരായ ഷിബു, ശ്രീജിത്ത്, സുജിത്ത്,  ദീപേഷ്, റെജി, വേണുഗോപാൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top