22 December Sunday

‘കൊക്കെഡാമ’ 
ആരാ മോൻ...

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

കൊക്കെഡാമയിലൂടെ വളർത്തിയെടുത്ത ചെടിയുമായി പത്തനംതിട്ട ഗവ. ബോയ്‌സ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്‌എസ്‌ വളന്റിയർമാർ

പത്തനംതിട്ട
കൊക്കെഡാമ ചെടി വളർത്തൽ രീതിയുടെ പ്രചാരകരായി മാറുകയാണ്‌ കുട്ടികൾ. മണ്ണ്‌ ഉരുളകളിൽ പായൽ പിടിപ്പിച്ച്‌ അതിലൂടെ പുതിയ നാമ്പുകൾ മുളപൊട്ടുന്നു. അതാണ്‌ കൊക്കെഡാമ രീതി. പത്തനംതിട്ട ഗവ. ബോയ്‌സ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികളുടെ നാഷണൽ സർവീസ്‌ സ്‌കീമിന്റെ ഭാഗമായുള്ള പ്രവർത്തനമാണിത്‌. 
കൊക്കെഡാമ ഒരു ജാപ്പനീസ്‌ പദമാണ്‌. കൊക്കെ എന്നാൽ പായൽ എന്നും ഡാമ എന്നത്‌ പന്ത്‌ എന്നും. കൊക്കെഡാമയ്‌ക്ക്‌ പായൽ പന്ത്‌ എന്നർഥം. ഒരു ചെറിയ പന്തിനുള്ളിൽ ചെടികൾ വർഷങ്ങളോളം നിലനിൽക്കും. മണ്ണും ചാണകവും ചകിരിച്ചോറും കുഴച്ച് ഉരുട്ടിയെടുക്കുന്ന ചെറിയ ബോളുകൾ. പന്തിനെ പായൽ പോളകൾ കൊണ്ട്‌ ചുറ്റിപ്പിടിപ്പിക്കും. ഇതിന്റെ ഉള്ളിലാണ്‌ ചെറിയ തൈകൾ വച്ച്‌ പിടിപ്പിക്കുന്നത്‌. പിന്നീട്‌ പന്തിനെ നൂല്‌ കൊണ്ട്‌ ചുറ്റിവരിയും. ഇതിനുള്ളിൽനിന്നാണ്‌ ചെടി വളർന്നു തുടങ്ങുന്നത്‌. പലതരം സസ്യങ്ങൾ കൊക്കെഡാമയിലൂടെ വളർത്തിയെടുക്കാം.
ചെടിച്ചട്ടിക്കായി ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് ചട്ടികൾ ഒഴിവാക്കാം എന്നതാണ്‌ ഒരു ഗുണം. കൂടാതെ ഈ രീതി വഴി ജല സംരക്ഷണം ഉറപ്പാക്കുകയും ചെയ്യാം. ചെടി പന്തുകൾ തൂക്കിയിടുകയോ മേശപ്പുറത്ത്‌ വയ്‌ക്കുകയോ ബൗളുകളിൽ വച്ച്‌ വളർത്തുകയോ ചെയ്യാം. ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും താമസിക്കുന്നവർക്ക്‌ മുറിക്കുള്ളിൽ ഈ രീതിയിലൂടെ ചെടികൾ വളർത്താൻ കഴിയും. 
പല തരത്തിലുള്ള സസ്യങ്ങൾ വളർത്തുന്നതിലൂടെ പരാഗണകാരികളെ ആകർഷിക്കാനും ജൈവ വൈവിധ്യം വർധിപ്പിക്കാനും സഹായിക്കും. കൊക്കെഡാമകൾ സസ്യങ്ങൾക്ക്‌ ജലം നിലനിർത്താൻ കഴിയുന്ന പ്രത്യേക രീതിയിൽ  രൂപകൽപ്പന ചെയ്‌തിരിക്കുന്നു. അമിതമായ വെള്ളം നനയ്‌ക്കൽ ആവശ്യമില്ല. സ്ഥലപരിമിതി പ്രശ്‌നമല്ല. 
നഗരങ്ങളിൽ പച്ചപ്പുകൾ വർധിപ്പിക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയുന്നതാണിതെന്ന്‌ കുട്ടികൾ അടിവരയിടുന്നു. ഇനി ചെടികൾ തളിർക്കും, പൂക്കും കൊക്കെഡാമയിലൂടെ. വീട്ടിനുള്ളിൽ പൂന്തോട്ടവുമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top