കോഴഞ്ചേരി
പള്ളിയോട സേവാ സംഘം നേതൃത്വത്തിൽ ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിൽ നടന്ന ജലമേള കരക്കാർക്കും കാണികൾക്കും ആവേശമായി. തെളിഞ്ഞ കാലാവസ്ഥയിൽ നിറഞ്ഞൊഴുകിയ പമ്പാനദിയിലെ ഓളങ്ങളെ കീറിമുറിച്ചെത്തിയ പള്ളിയോടങ്ങൾ ആറന്മുള ദേശത്തിന്റെ പെരുമ വിളിച്ചറിയിച്ചു. ജലഘോഷയാത്രയിൽ 21 പള്ളിയോടങ്ങൾ പങ്കെടുത്തു. എ ബാച്ചിൽ 14 പള്ളിയോടങ്ങളും ബി ബാച്ചിൽ ഏഴ് പള്ളിയോടങ്ങളും പങ്കെടുത്തു.
പകൽ 11ന് സത്രക്കടവിൽ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ ഫ്ലാഗ് ഓഫ് ചെയ്‌തു. വൈസ് പ്രസിഡന്റ് സുരേഷ് അധ്യക്ഷനായി. കരിനാഗങ്ങളെ പോലെ നദിയിലൂടെ പാട്ടിന്റെ ഈണത്തിൽ തുഴകളെറിഞ്ഞ് പള്ളിയോടങ്ങൾ മല്ലപ്പുഴശ്ശേരി കടവിലെത്തി ചവിട്ടി തിരിച്ച് ക്ഷേത്രക്കടവിലെത്തി പ്രസാദം, അവിൽ പൊതി, പഴം, വെറ്റില, പുകയില എന്നിവ ഏറ്റുവാങ്ങി. ക്യാപ്റ്റൻ രവീന്ദ്രൻ നായർ പ്രസാദം പള്ളിയോടങ്ങൾക്ക് കൈമാറി.
ഇടശ്ശേരിമല, ഇടശ്ശേരിമല കിഴക്ക്, ചിറയിറമ്പ്, കീഴ്‌വന്മഴി, നെടുംപ്രയാർ, മല്ലപ്പുഴശ്ശേരി, മാരാമൺ, മാലക്കര,കോയിപ്രം, ളാക- ഇടയാറന്മുള, തെക്കേമുറി, തെക്കേമുറി കിഴക്ക്, ഇടനാട്, മംഗലം, പൊന്നുംതോട്ടം, ആറാട്ടുപുഴ, ഇടക്കുളം, പുല്ലൂപ്രം, ഇടപ്പാവൂർ, മുതുവഴി, തോട്ടപ്പുഴശ്ശേരി എന്നീ പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുത്തു. അഗ്‌നിരക്ഷാസേനയുടെ റെസ്ക്യൂ ബോട്ടും പൊലീസും ജലമേളയ്‌ക്ക് സുരക്ഷയൊരുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..