22 November Friday

കേരള ചിക്കൻ 
ജില്ലയിലേക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024
പത്തനംതിട്ട
ഇറച്ചിക്കോഴി വില പിടിച്ച്‌ നിർത്താൻ കുടുംബശ്രീ നേതൃത്വത്തിൽ ആരംഭിച്ച കേരള ചിക്കൻ ജില്ലയിലേക്കും. 2019ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താരംഭിച്ച സംരംഭമാണ്‌ ജില്ലയിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്‌. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ്‌ പദ്ധതി ജില്ലയിലെത്തുക. ഒക്‌ടോബർ 22ന്‌ മുമ്പ്‌ ജില്ലയിൽ കേരള ചിക്കൻ യാഥാർഥ്യമാകും. ഇതിനായി 94.5 ലക്ഷം രൂപയാണ്‌ സർക്കാർ അനുവദിച്ചത്‌.
കുടംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ്‌ പ്രൊഡ്യൂസർ എന്ന പേരിൽ കമ്പനി തന്നെ രൂപീകരിച്ചാണ്‌ കേരള ചിക്കന്റെ ഉൽപ്പാദനവും വിപണനവും. സംസ്ഥാനത്ത്‌ 10 ജില്ലകളിലാണ്‌ നിലവിൽ ഇതുള്ളത്‌. ഇടുക്കി, വയനാട്‌, കാസർഗോഡ്‌ ജില്ലകളാണ്‌ കേരള ചിക്കൻ ഇല്ലാതെ അവശേഷിക്കുക.
പൊതുവിപണിയിൽ കോഴിവില പിടിച്ചുനിർത്തി വിജയകരമായി മുന്നേറുന്ന പദ്ധതിയാണ്‌ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ജില്ലയിലുമെത്തുക. ആദ്യ ഘട്ടത്തിൽ ഫാമുകളാരംഭിച്ച്‌ പ്രവർത്തനം മുന്നോട്ട്‌ കൊണ്ടുപോവുകയാണ്‌ ലക്ഷ്യം. ഫാമുകൾ സജീവമാകുന്നതോടെ വിൽപ്പനശാലകൾ ആരംഭിച്ച്‌ വിപണനവും നടത്തും. അതുവരെ സമീപ ജില്ലകളിലെ വിൽപ്പനശാലകളിലാകും ജില്ലയിൽ വളർത്തുന്ന കോഴികളെ വിൽക്കുക. 
ഫാമുകൾ ആരംഭിക്കാൻ താൽപ്പര്യമുള്ളവരെ കുടുംബശ്രീ കണ്ടെത്തുകയാണ്‌. നിലവിൽ പത്തോളം സംരംഭകർ താൽപ്പര്യവുമായി രംഗത്തെത്തി. കേരള ചിക്കന്റെ ഭാഗമായി ഫാം തുടങ്ങാൻ താൽപര്യമുള്ളവർ കുടുംബശ്രീയുമായി ബന്ധപ്പെട്ടാൽ ആവശ്യമായ സൗകര്യങ്ങൾ ചെയ്‌ത്‌ നൽകുന്നുമുണ്ട്‌. 1.5 ലക്ഷം വരെ വായ്‌പയും നൽകും.
1,000 മുതൽ 10,000 വരെ കോഴികളെ വളർത്താൻ സൗകര്യമുള്ള ഫാമുകളെയാണ്‌ പദ്ധതിയുടെ ഭാഗമാക്കുന്നത്‌. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും മരുന്നു കമ്പനി നേരിട്ട്‌ എത്തിക്കും. 35 മുതൽ 42 ദിവസം വരെ വളർച്ച എത്തുമ്പോൾ കമ്പനി തന്നെ എടുത്ത് ഔട്ട്‌ലെറ്റുകൾ വഴി വിപണനം നടത്തും. സീഡ്‌ കൺവേർഷൻ അനുപാതം പ്രകാരം കിലോ അടിസ്ഥാനമാക്കി വളർത്തുകൂലി ഫാമുടമകൾക്ക്‌ നൽകും. കിലോയ്‌ക്ക്‌ 13 രൂപ വരെ കർഷകർക്ക്‌ വളർത്ത്‌ കൂലി ലഭിക്കും. അങ്ങനെ മികച്ച വരുമാനമാർഗം ഉറപ്പാക്കുന്ന സംരംഭം കൂടിയാണ്‌ കേരള ചിക്കൻ. 285 കോടി വിറ്റുവരവുള്ള കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ്‌ പ്രൊഡ്യൂസർ കമ്പനിക്ക്‌ കീഴിൽ 10 ജില്ലകളിലായി 395 ഫാമുകളാണ്‌ നിലവിലുള്ളത്‌. എട്ട്‌ ജില്ലകളിലായി 131 വിൽപ്പനശാലകളും പ്രവർത്തിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top