19 December Thursday
പത്തനംതിട്ട ബസ്‌ സ്‌റ്റാൻഡ്‌ നിർമാണം

ആദ്യഘട്ടം ഉടൻ പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

ബസ്‌ സ്‌റ്റാൻഡിൽ നിർമാണം പൂർത്തിയായ ഒന്നാമത്തെ യാർഡ്‌

 പത്തനംതിട്ട 

പത്തനംതിട്ട സ്വകാര്യ ബസ്‌ സ്‌റ്റാൻഡ്‌ നവീകരണത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട നിർമാണം പൂർത്തിയാകുന്നു. പ്രവേശന കവാടത്തിന്റെ നിർമാണം കൂടി പൂർത്തിയാകുന്നതോടെ ആഗസ്‌ത്‌ ആദ്യവാരം ആദ്യഘട്ട നിർമാണ ഉദ്‌ഘാടനം നടത്തും. മൂന്നര കോടി രൂപ ചെലവിലാണ്‌ ഒന്നാംഘട്ട നിർമാണം പൂർത്തിയാകുന്നത്‌. ബസ്‌ സ്‌റ്റാൻഡിന്റെ ഒന്നാമത്തെ യാർഡിന്റെ (തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്തെ) പുനരുദ്ധാരണമാണ്‌ നടന്നത്‌. 
ഇരുപത്‌ വർഷം മുമ്പ്‌ പാടം നികത്തി പണിത ബസ്‌ സ്‌റ്റാൻഡിന്റെ തറ പെട്ടെന്നുതന്നെ ഇരുത്തി ചെളിക്കുളമായി. പലതവണ നിർമാണം നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ തവണ എൽഡിഎഫ്‌ ഭരണ സമിതി അധികാരത്തിലെത്തിയ ശേഷമാണ്‌ ശാശ്വത പരിഹാരത്തിന്‌ പദ്ധതിയിടുന്നത്‌. പല ഘട്ടങ്ങളായി നടത്തിയ വിദഗ്‌ധ പഠനത്തിന്‌ ശേഷമാണ്‌ ബസ്‌ സ്‌റ്റാൻഡ്‌ പുനരുദ്ധാരണത്തിന്‌ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കിയത്‌. ഒന്നാമത്തെ യാർഡിലാണ്‌ (ബസ്‌ ഇറങ്ങി പോകുന്ന ഭാഗം) ഏറ്റവും കൂടുതൽ നിർമാണം വേണ്ടി വരുന്നത്‌. യാർഡിൽ നാല്‌ വശങ്ങളിലും നെടുകെയും കുറുകെയും ഓടകൾ നിർമിച്ചു. ഒരുതരത്തിലും വെള്ളം താഴാതെ ഒഴുകി പോകാൻ പാകത്തിൽ അടിത്തറയുണ്ടാക്കിയാണ്‌ ഓട നിർമിച്ചത്‌. തുടർന്നാണ്‌ ഇന്റർലോക്ക്‌ വിരിക്കാൻ തുടങ്ങിയത്‌. യാർഡിലെ നിലവിലുള്ള മണ്ണ്‌ ഒന്നര മീറ്ററോളം താഴ്‌ചയിൽ നീക്കിയിരുന്നു. ജിഎസ്‌പി മിശ്രിതം രണ്ട്‌ നിരകളായി ഒരടിയോളം കനത്തിൽ നിരത്തി ഉറപ്പിച്ച ശേഷം എമൾഷൻ പെയിന്റും ടെറാകോട്ടായും രണ്ട്‌ തവണ അടിച്ചശേഷമാണ്‌ ഇന്റർലോക്ക്‌ വിരിച്ചത്‌. 
രണ്ടാമത്തെ യാർഡിലേക്ക്‌ പ്രവേശിക്കുന്ന ഭാഗം വരെ ഇന്റർലോക്ക്‌ വിരിക്കും. രണ്ടാമത്തെ യാർഡിന്റെ ബാക്കിയുള്ള ഭാഗവും മൂന്നാമത്തെ യാർഡുമാണ്‌ രണ്ടാംഘട്ട നിർമാണത്തിൽ വരുന്നത്‌. ഉന്നത നിലവാരത്തിലുള്ള ടാറിങ്ങാണ്‌ ഈ യാർഡുകളിൽ ചെയ്യുക. ഇവിടെയും ഒന്നാമത്തെ യാർഡിലേത് പോലെ ഓട നിർമാണമുണ്ടാകും. കൂടാതെ ബസ്‌ സ്‌റ്റാൻഡിന്റെ പിൻഭാഗത്ത്‌ സംരക്ഷണ ഭിത്തിയും നിർമിക്കുന്നുണ്ട്‌. ഒരു കോടി രൂപ ചെലവിലാണ്‌ ഈ ഘട്ടം പൂർത്തിയാകുക. നിലവിൽ പ്രവേശന ഭാഗത്തെ നിർമാണം പുരോഗമിക്കുകയാണ്‌. സ്‌റ്റാൻഡിന്റെ പിൻഭാഗത്തായി 100 വാഹനങ്ങൾക്ക്‌ പാർക്കിങ്‌ സൗകര്യവും ഉദ്യാനവും ഒരുങ്ങുന്നുണ്ട്‌. 1.35 കോടി രൂപയാണ്‌ പദ്ധതി ചെലവ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top