പന്തളം
"ജി ബി എൻ' എന്ന് വിളിക്കുന്ന പ്രൊഫ. ജി ബാലകൃഷ്ണൻ നായരുടെ വേർപാടോടെ നാടിന് നഷ്ടമായത് ജനകീയ ശാസ്‌ത്ര പ്രചാരകനെ. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം സുഖം പ്രാപിച്ചുവരുമ്പോഴാണ് പെട്ടെന്ന് നില വഷളായി മരണം.
ശാസ്ത്ര സാഹിത്യപരിഷത്തിന്റെ "ചൂടാറാപ്പെട്ടി'യുടെ പ്രചാരണവും പ്രവർത്തനവും വിപണനവും നിർവഹിച്ചുകൊണ്ട് ശാസ്‌ത്രത്തെ ജീവിതത്തിൽ കാട്ടിത്തന്നു ജി ബി എൻ. "ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന പരിഷത്ത് മുദ്രാവാക്യത്തിന്റെ ജിബിഎൻ ഭാഷ്യമായിരുന്നു ചൂടാറാപ്പെട്ടിയുടെ പ്രചാരണം. സ്വന്തം വീടിനെ "സയൻസ് ഹോം' ആക്കി കുട്ടികൾക്ക് ശാസ്ത്രപരീക്ഷണം നടത്താൻ അദ്ദേഹം സൗകര്യമൊരുക്കി. ഇതിനായി സ്വന്തമായി ടെലിസ്‌കോപ്പും ലഭ്യമാക്കി.
ശാസ്ത്രയുക്തിയെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തിയയാളാണ് പന്തളം എൻഎസ്‌എസ് കോളേജിലെ ഭൗതിക ശാസ്ത്രം വിഭാഗം മേധാവിയായി വിരമിച്ച അദ്ദേഹം. സമൂഹത്തെ ശാസ്ത്രവൽക്കരിക്കുകയെന്ന ലക്ഷ്യവുമായാണ് അദ്ദേഹം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആജീവനാന്ത അംഗമായത്.
1975ൽ മാവേലിക്കര യൂണിറ്റിന്റെ ഭാഗമായി തുടങ്ങിയ പരിഷത്ത് പ്രവർത്തനം സംസ്ഥാനതലം വരെയെത്തി. സംസ്ഥാന കമ്മിറ്റിയംഗമായും ജില്ലാ പ്രസിഡന്റായും നേതൃത്വപരമായ സംഭാവനകൾ നൽകി. ബാലവേദികൾ രൂപീകരിച്ച് ലഘുപരീക്ഷണങ്ങളിലൂടെ സ്കൂൾ വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വളർത്തി. "യുറീക്കാ' മാസിക സ്കൂളുകളിൽ വിതരണം ചെയ്‌തും ശാസ്ത്രപുസ്തകങ്ങൾ പ്രചരിപ്പിച്ചു. സോപ്പു നിർമാണം പരിശീലിപ്പിച്ചും ചൂടാറാപ്പെട്ടി ഡമോൺസ്റ്റ്രേഷൻ സംഘടിപ്പിച്ചും വിജ്ഞാനോത്സവങ്ങൾ മുടങ്ങാതെ ക്രമീകരിച്ചും കലാജാഥകൾക്ക് വേദിയൊരുക്കിയും അര നൂറ്റാണ്ടിലധികം നീണ്ട പരിഷത്ത് പ്രവർത്തനം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.
ഒന്നര ദശാബ്ദക്കാലം പന്തളം യുപി സ്കൂൾ കേന്ദ്രമാക്കി അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് നടത്തിയിരുന്ന "ശാസ്ത്ര പരിചയ ക്ലാസുകൾ' ശ്രദ്ധേയം. പന്തളത്തിന്റെ ശാസ്ത്രീയ മനോഭാവത്തെയും സാംസ്കാരിക നിലവാരത്തെയും ചിട്ടപ്പെടുത്താൻ ജിബിഎൻ വെട്ടിത്തെളിച്ച പാത സ്വന്തം ജീവിതം കൊണ്ടായിരുന്നു. ഒലേഴം എന്ന സ്വന്തം വീടിനെ അദ്ദേഹം പരിഷത്തിന്റെ പന്തളത്തെ അനൗദ്യോഗിക ആസ്ഥാനമാക്കി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ എംഎസ്‌സി കരസ്ഥമാക്കി ചെറുപ്രായത്തിൽ കോഴിക്കോട് ഫറൂക്ക് കോളേജിൽ അധ്യാപകനായി. പിന്നീട് എൻ എസ്എസിന്റെ ചേർത്തല, നെന്മാറ, മഞ്ചേരി, പന്തളം കോളേജുകളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. സഹപ്രവർത്തകയായ പ്രൊഫ. ടി ആർ രത്‌നമാണ് ഭാര്യ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..