പന്തളം
എം സി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടിയിൽ ഒരാൾക്ക് പരിക്ക്. രക്ഷാപ്രവർത്തനത്തിന് പോയ അഗ്‌നിരക്ഷാസേനാ വാഹനവും അപകടത്തിൽപ്പെട്ടു.
ഗതാഗത കുരുക്കും ഉണ്ടായി. എംസി റോഡിൽ കുരമ്പാല ഇടയാടി ജങ്‌ഷനു സമീപം ലോറി തൊട്ടടുത്ത വീടിന്റെ മതിലിൽ നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞാണ് ആദ്യ അപകടം ഉണ്ടായത്. ലോറി ഡ്രൈവർ തിരുവനന്തപുരം ചൊവ്വള്ളൂർ മുരളി ഭവനിൽ ആശിഷിന് (30) പരുക്കേറ്റു. അപകടം കണ്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ എതിരേ വന്ന കെഎസ്ആർടിസി ബസ് തട്ടി. ആർക്കും പരുക്കില്ല.
മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചതായി സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടൂരിൽ നിന്നും പുറപ്പെട്ട അഗ്‌നിരക്ഷാസേനയുടെ വാഹനം കുരമ്പാലയി വച്ച് എതിരെ വന്ന കെഎസ്ആർടിസി ബസ്സിൽ ഇടിക്കുകയായിരുന്നു. കോട്ടയത്ത് നിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന കോട്ടയം ഡിപ്പോയിലെ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുമ്പോൾ ബ്രേക്ക് ചെയ്‌ത അഗ്നിരക്ഷാസേനയുടെ വാഹനം പാളി കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. പന്തളം പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടങ്ങൾ കാരണം ഏറെ നേരം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..