ചിറ്റാർ
നീലിപിലാവിൽ ബുധനാഴ്ച വൈകിട്ട് പെയ്ത മഴയോടൊപ്പം വീശിയടിച്ച കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീടുകൾ തകരുകയും 20 വൈദ്യുത പോസ്റ്റുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്. ഇവിടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ആളിനും ഗുരുതരമായി പരിക്കേറ്റു. നീലിപിലാവ് സ്വദേശി കരിക്കോട്ട് വീട്ടിൽ പ്രിൻസ് (33) നാണ് പരിക്കേറ്റത്. ഇയാൾ നടന്നുവരവെ സമീപത്ത് നിന്നിരുന്ന വെെദ്യുത പോസ്റ്റ് കാലിലേക്ക് മറിഞ്ഞ് വീണാണ് അപകടമുണ്ടായത്. പ്രിൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേഴുംകാട്ടിൽ വീട്ടിൽ മഞ്ചു വീടുപണി കാരണം തൊട്ടടുത്ത് താൽക്കാലികമായ് ഒരുക്കിയ ഷെഡിലാണ് താമസിച്ചിരുന്നത്. സമീപത്ത് നിന്നിരുന്ന റബർ മരം ഒടിഞ്ഞ് ഷെഡ്പൂർണ്ണമായും തകർന്നു. ഷെഡിനുള്ളിൽ ഉണ്ടായിരുന്ന മഞ്ചുവിന്റെ ഭാര്യ ശാന്തിയും രണ്ടു മക്കളും മരം ഒടിയുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഇവർ പുതുതായി പണിത വീടിന്റെ മുകളിലും റബർമരം കടപുഴകി വീണ് നാശനഷ്ടമുണ്ടായി. കുന്നുംപുറത്ത് വീട്ടിൽ വിനോദ്, കുറുങ്ങാലിൽ വീട്ടിൽ സോമൻ എന്നിവരുടെ വീടിനു മുകളിലും മരങ്ങൾ കടപുഴകി വീണു.
നീലിപിലാവ് തണ്ണിത്തോട് റോഡിലാണ് വെെദ്യുത പോസ്റ്റുകൾ വ്യാപകമായി തകർന്നത്. സീതത്തോട്ടിൽ നിന്ന് അഗ്നിരക്ഷാസേന അംഗങ്ങളും കെഎസ്ഇബി ജീവനക്കാരും സ്ഥലത്ത് എത്തി. സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രൻ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിക്കാൻ റവന്യു വകുപ്പിനോടാവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..