തിരുവല്ല
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരുമൂലപുരം ഒരുങ്ങുന്നു. 26 മുതൽ 29 വരെ തിരുവല്ലയിലെ തിരുമൂലപുരം എസ്എൻവിഎസ് ഹൈസ്കൂൾ, ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, ബാലികാമഠം ഹയർ സെക്കൻഡറി സ്കൾ, തിരുമൂലവിലാസം യുപിഎസ്, എംഡിഎം ഇഎം എൽപിഎസ് എന്നിങ്ങനെ 5 സ്കൂളുകളിലെ 16 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. എസ്എൻ വി ഹൈസ്കൂളാണ് മുഖ്യ വേദിയെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
11 ഉപജില്ലകളിൽ നിന്ന് 5,153 കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുക. 232 വിദ്യാലയങ്ങളിൽ നിന്നുള്ള മത്സരാർഥികൾ 303 ഇനങ്ങളില്‍ മാറ്റുരയ്ക്കും.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഡിഡി ബി ആർ അനില കലോത്സവ പതാക ഉയർത്തും. 9.30ന് മന്ത്രി വീണാ ജോർജ് നാലുനാൾ നീളുന്ന കലോത്സവം ഉദ്ഘാടനം ചെയ്യും. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനാകും. സിനി ആർട്ടിസ്റ്റ് ഉല്ലാസ് പന്തളം കലാ മത്സരം ഉദ്ഘാടനം ചെയ്യും. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ലോഗോ ഡിസൈന്‍ ചെയ്ത വിജയിക്ക് സമ്മാനം നൽകും. 29ന് സമാപന യോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനാകും. ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ സമ്മാനം വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ മുഖ്യ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ ബിനു ജേക്കബ് നൈനാൻ, വിവിധ സബ് കമ്മറ്റി കൺവീനർമാരായ അനിത ജി നായർ, ടി എം അൻവർ, പി എ റഹ്മത്തുള്ളഖാൻ, ടി എച്ച് ഹാഷിം, സജി അലക്സാണ്ടർ, ഹരിഗോവിന്ദ് എന്നിവർ പങ്കെടുത്തു. റവന്യൂ ജില്ലാ സ്കൂൾ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..