27 December Friday

അരി കടത്ത്; കർശന 
നടപടിയുമായി സപ്ലൈകോ

ഷാഹീർ പ്രണവംUpdated: Sunday Nov 24, 2024

സപ്ലൈകോ കോന്നി ഗോഡൗണിൽ നിന്നും വാതിൽപ്പടി വിതരണത്തിനായി
അരി കയറ്റുന്നു

കോന്നി 

സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ  (എൻഎഫ്എസ്എ) കോന്നി ഗോഡൗണിൽ നിന്നും 940 ക്വിന്റൽ റേഷൻ അരിയും, ഗോതമ്പും കാണാതായ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി സപ്ലൈകോ.  

നഷ്ടപ്പെട്ട അരി, പച്ചരി എന്നിവയ്ക്ക് 40 രൂപയും, ഗോതമ്പിന് 29 രൂപയും പ്രകാരം കാണാതായ ലോഡിന് 40 ലക്ഷത്തിലധികം രൂപയാണ് കണക്കാക്കുന്നത്. ഇതോടൊപ്പം പുതിയ കണ്ടെത്തൽ പ്രകാരമുള്ള തുകയും ചേർക്കും. ഈ തുക നടപടിയ്ക്ക് വിധേയരായ ജീവനക്കാരുടെ ബാധ്യതയായി കണക്കാക്കും. സമഗ്രമായ ആഭ്യന്തര ഓഡിറ്റ് നടത്തിയാവും തുടർ നടപടി. ഓഡിറ്റിൽ കണ്ടെത്തൽ ശരിയെന്നു കണ്ടാൽ പിരിച്ചുവിടലും, ക്രിമിനൽ കേസുകളുമടക്കം കടുത്ത നടപടികളാകും ഉണ്ടാവുക.

സംഭവവുമായി ബന്ധപ്പെട്ട് ഡിപ്പോ ഓഫീസർ ഇൻ ചാർജ് അനിൽകുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ്  ചെയ്തിരുന്നു. അസി.സെയിൽസ്മാൻ ജയദേവിനെ ഇടുക്കിയിലേക്കും, അസി. സെയിൽസ് വുമൺ രേശ്മയെ കോട്ടയത്തേക്കും സ്ഥലം മാറ്റി.  കോന്നി ഗോഡൗണിൽ നിന്നും രാത്രിയിൽ നിരവധി ലോഡ് പുഴുക്കലരിയും, പച്ചരിയും കടത്തിയതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോർപ്പറേഷന്റെ വിജിലൻസ് സംഘവും, സപ്ലൈകോയുടെ വിജിലൻസ് വിഭാഗവും ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.

ഇവരുടെ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലാണ് മാനേജിങ് ഡയറക്ടർ പ്രാഥമിക നടപടി സ്വീകരിച്ചത്. പകരം നിയമിച്ചവരിൽ രണ്ട് പേർ ചുമതലയേൽക്കാതെ അവധിയെടുത്ത് പോയി.  തുടർന്ന് താൽക്കാലിക നിയമനം നൽകി.   

 ജീവനക്കാരെ കൂടാതെ ആർക്കൊക്കെ സംഭവത്തിൽ പങ്കുണ്ടെന്ന അന്വേഷണം നടക്കുകയാണ്. വെള്ളിയാഴ്ച രാവിലെ കോന്നി ഗോഡൗണിൽ സപ്ലൈകോയുടെ വിജിലൻസ് പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. തുടർന്ന് ഗോഡൗണിലെ ജീവനക്കാരുടെയും, തൊഴിലാളികളുടെയും മൊഴിയും  ശേഖരിച്ചു. സംഭവത്തിൽ വാതിൽപ്പടി വിതരണ കരാറുകാരൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും മൊഴി രേഖരിക്കും. കാണാതായ റേഷൻ സാധനങ്ങൾ കണ്ടെടുക്കുകയാണ് ആദ്യ നടപടി. സംസ്ഥാന ഫുഡ് കമ്മീഷണർ അഡ്വ. സബിതാ ബീഗവും അംഗങ്ങളും കഴിഞ്ഞ ആഴ്ച കോന്നി ഗോഡൗണിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top