കോന്നി
ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയുമടക്കമുള്ള നവോത്ഥാന നായകർ ഉഴുതുമറിച്ച മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർടി ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടെയും പുരോഗതിയുടെയും വിത്തുകൾ വിതച്ചത് കൊണ്ടാണ് കേരളം ഇന്നത്തെ കേരളമായി രൂപാന്തരപ്പെട്ടതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വകയാർ വൈശാഖ് ഓഡിറ്റോറിയത്തിൽ നവോഥാനവും, ഗുരു നിത്യ ചൈതന്യയതിയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നവോഥാന പോരാട്ടങ്ങൾ നടന്നിട്ടുണ്ട് എന്നാൽ അവിടെ അതിന്റെ തുടർച്ച ഏറ്റെടുക്കുവാൻ പുതിയ കാലഘട്ടത്തിൽ ആരും തയ്യാറായില്ല. കേരളം അത് ഏറ്റെടുത്തു എന്നതാണ് പ്രത്യേകത. എന്നാൽ ഈ നവോഥാന നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കുന്ന പ്രവണതകൾ വളർന്നുവരുന്നുണ്ടെന്നും അതിനെ ജാഗ്രതയോടെ ചേർക്കണമെന്നും ഉദയഭാനു പറഞ്ഞു. ചരിത്രത്തെ ഇല്ലാതാക്കി പുതിയ വർഗീയ ചരിത്രം രചിക്കുന്ന തിരക്കിലാണ് ബിജെപിയുടെ കേന്ദ്ര സർക്കാർ. വർഗീയതയെ എന്നും അകറ്റി നിർത്തിയിട്ടുള്ള കേരളം അതു തുടരുക തന്നെ ചെയ്യുമെന്നും ഉദയഭാനു പറഞ്ഞു. എഴുത്തുകാരി സുഗത പ്രമോദ് മോഡറേറ്ററായി.
പ്രഭാഷകൻ ഡോ. സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. "ഗുരു നിത്യ ചൈതന്യയതി ഭക്തിയുടെ വിതരണക്കാരനായിരുന്നില്ല. മനുഷ്യനുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും സമൃദ്ധമായി ചർച്ച ചെയ്യുന്ന ഇടമായിരുന്നു അദ്ദേഹത്തിന്റെ സദസ്സുകൾ. മുമ്പിലിരിക്കുന്നവരുടെ മനോനില അറിഞ്ഞ് പ്രയോഗിക്കുന്ന വാക്കുകൾ, അവരെ സമൂലം മാറ്റിപ്പണിയുന്ന ആയുധങ്ങളായിരുന്നു. മനഃശാസ്ത്രമായിരുന്നു ഗുരു നിത്യ ചൈതന്യയതിയുടെ ഇഷ്ടവിഷയങ്ങളിലൊന്ന്. ഇത്രമേൽ മനുഷ്യമനസ്സിന്റെ സങ്കീർണതകളെ അറിഞ്ഞു സംവദിച്ച മറ്റൊരാൾ കേരളത്തിൽ കാണുക പ്രയാസം തന്നെയെന്നും ഡോ. സുനിൽകുമാർ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സുധീഷ് വെൺപാല വിഷയാവതരണം നടത്തി. സിപിഐ എം കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാൽ, ഏരിയാ കമ്മിറ്റിയംഗങ്ങളായ വർഗീസ് ബേബി, കെ ആർ ജയൻ, ആർ ഗോവിന്ദ്, ശ്രീകുമാർ മുട്ടത്ത്, തുളസീമണിയമ്മ, രഘുനാഥ് ഇടത്തിട്ട, കവി കാശിനാഥൻ, അഡ്വ. കെ എൻ സത്യാനന്ദ പ്പണിക്കർ, പി ജി ആനന്ദൻ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..