23 December Monday
ഇഞ്ചപ്പാറയിൽ വീണ്ടും പുലി

ജനം ഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
കൊടുമൺ 
കൂടൽ ഇഞ്ചപ്പാറയിൽ പുലിയിറങ്ങി. ഇഞ്ചപ്പാറ നിരവേൽവീട്ടിൽ മനോജിന്റെ വീടിന് സമീപത്താണ് കഴിഞ്ഞ ദിവസം വൈകുന്നേരം പുലിയെക്കണ്ടത്. വീടിനോട് ചേർന്ന പുരയിടത്തിൽ കിടക്കുകയായിരുന്ന പുലി ശബ്ദം കേട്ടപ്പോൾ അടുത്തുള്ള പാറമടയിലേക്ക് ഓടിപ്പായതായി വീട്ടുടമ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീടിന് സമീപം മൃഗങ്ങളുടേ തെന്ന് സംശയിക്കുന്ന തരത്തിലുള്ള ശബ്ദങ്ങളും കേട്ടിരുന്നു.
ബുധനാഴ്ച രാവിലെ വീണ്ടും ഇഞ്ചപ്പാറ വിജയകുമാറിന്റെ റബർ തോട്ടത്തിൽ ടാപ്പിങ്ങിന് പോയ കബീർ എന്ന തൊഴിലാളിയെ പുലി ആക്രമിക്കാൻ ശ്രമിച്ചതായും പറയുന്നു. ടാപ്പ് ചെയ്യുന്ന തോട്ടത്തിനടുത്ത പാറയുടെ മുകളിൽ പുലി നിൽക്കുന്നത് നാട്ടുകാരിൽ പലരും കണ്ടിട്ടുണ്ട്‌. ആദ്യ ദിവസം തന്നെ വനംവകുപ്പിൽ വിവരമറിയിച്ചു. ജീവനക്കാർ സ്ഥലത്തെത്തി പരിസരങ്ങളിലെല്ലാം പരിശോധന നടത്തി. കൂടുതൽ നിരീക്ഷണത്തിനായി ക്യാമറയും സ്ഥാപിച്ചിരുന്നു.
ക്യാമറ സ്ഥാപിച്ച ശേഷം അടുത്ത ദിവസം വീണ്ടും പുലിയെ പാറയുടെ മുകളിൽ കണ്ടതായി നാട്ടുകാർ പറയുന്നു. മുമ്പും ഇവിടെ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതിന് സമീപത്തു നിന്നുമാണ് മൂന്ന് വയസ്സുള്ള ഒരു പുലിയെ വനംവകുപ്പുകാർ കൂട് സ്ഥാപിച്ച് പിടിച്ചത്.
ഖനനം നടത്തി ഉപേക്ഷിച്ച നിരവധി പാറമടകളും അതിനോട് ചേർന്ന് കിടക്കുന്ന തോട്ടങ്ങളും പാറക്കൂട്ടങ്ങളുമടങ്ങിയ പ്രദേശമായതിനാൽ വന്യജീവികൾക്ക് എളുപ്പത്തിൽ ഒളിച്ചിരിക്കാനും വനത്തിലേക്ക് രക്ഷപെടാനുമുള്ള അനുകൂല സാഹചര്യമാണുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top