22 November Friday
ആ​ഗസ്ത് 11ന് റാന്നിയില്‍ തുടക്കം

എല്ലാ മണ്ഡലത്തിലും തൊഴില്‍മേള

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

 പത്തനംതിട്ട 

"വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍' പദ്ധതി വഴി ജില്ലയിലെ അഭ്യസ്തവിദ്യര്‍ക്ക് പരമാവധി തൊഴില്‍ ഉറപ്പാക്കുന്നതിന്റെ  ഭാ​ഗമായി എല്ലാ മണ്ഡലത്തിലും തൊഴില്‍ മേള നടത്തുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗവും പദ്ധതി രക്ഷാധികാരിയുമായ ഡോ. ടി എം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യപടിയായി റാന്നിയില്‍ ആ​ഗസ്ത് 11ന് തൊഴില്‍ മേള നടത്തും. സെന്റ്  തോമസ് കോളേജിൽ നടക്കുന്ന മേളയില്‍ ഐടിഐ, പോളിടെക്‌നിക്‌, ബി കോം ബിരുദധാരികളെയാണ് പരി​ഗണിക്കുക. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ അഭിരുചിക്കും യോഗ്യതയ്‌ക്കുമനുസരിച്ച് നൈപുണ്യ പരിശീലനം നൽകി ജോലി  ലഭ്യമാക്കുകയാണ്   പദ്ധതി ഉദ്ദേശ്യം. 
കെ ഡിസ്‌ക്, കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് ഡിഡബ്ല്യൂഎംഎസ് പോർട്ടലിലൂടെയാണ് തൊഴിൽ അന്വേഷകരെ ജോലിയിലേക്ക് എത്തിക്കുക. തൊഴില്‍ മേളയ്ക്ക് ഇതിനകം രണ്ടായിരം പേര്‍ രജിസ്റ്റര്‍ ചെയ്തു. ആ​ഗസ്ത് 10 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ ലഭ്യതയെക്കുറിച്ചും അഭിമുഖം നേരിടുന്നതിനെ സംബന്ധിച്ചും വിദഗ്‌ധർ ക്ലാസെടുക്കും. അതിന് ശേഷമാകും മേളയില്‍ പങ്കെടുപ്പിക്കുക. ഇം​ഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം കൂടുതല്‍ വേണ്ടവര്‍ക്ക് അത് ലഭ്യമാക്കാനും സംവിധാനം ഏര്‍പ്പെടുത്തി. കോളേജുകളില്‍ നിന്ന് വിരമിച്ച അധ്യാപകരുടെ സംഘം  ഇതിന് നേതൃത്വം നല്‍കും. 
രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. 1, 500 പേര്‍ക്കെങ്കിലും ഇതിലൂടെ തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.  
വർഷാവസാനത്തോടെ ചുരുങ്ങിയത് 5,000 പേർക്ക് ജോലി നേടാൻ വേണ്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടൂർ, റാന്നി, തിരുവല്ല, കോന്നി, ആറന്മുള എന്നിവിടങ്ങളിലെ ജോബ് സ്റ്റേഷൻ മുഖേന തൊഴിലന്വേഷകർക്ക് വേണ്ട സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇതുവരെ ഇന്ത്യക്കുള്ളിലും വിദേശത്തുമായി വിവിധ കമ്പനികളിലായി 666 പേർക്ക് വിജ്ഞാന പത്തനംതിട്ട വഴി തൊഴിൽ ലഭ്യമാക്കി. വിജ്ഞാന പത്തനംതിട്ട പദ്ധതി വഴി വര്‍ക്ക് നിയര്‍ ഹോം സംവിധാനം ഏര്‍പ്പെടുത്താനും ആലോചിക്കുന്നു. തുടക്കം  തിരുവല്ലയിലാകും. ഇതിനുള്ള നടപടികളും  പുരോ​ഗമിക്കുന്നു. അഡ്വ. കെ യു ജനീഷ്കുമാര്‍ എംഎല്‍എ,  വിജ്ഞാന പത്തനംതിട്ട ചെയര്‍മാന്‍ എ പത്മകുമാര്‍, കോ ഓര്‍ഡിനേറ്റര്‍ ബി ഹരികുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top